ന്യൂഡൽഹി: 2022 ലെ ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി. ഹിമാചലിലെ മുഴുവൻ സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് തീരുമാനം. ഡൽഹി കൂടാതെ ആം ആദ്മി പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ആറാമത്തെ സംസ്ഥാനമാണ് ഹിമാചൽ.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ പാർട്ടി മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേശീയതലത്തിലേക്ക് സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതൽ സംസ്ഥാനങ്ങളിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ഹിമാചലിലെ 68 സീറ്റുകളിലും ജനവിധി തേടുമെന്ന് എഎപിയുടെ സംസ്ഥാന ചുമതല നിർവഹിക്കുന്ന രത്നേഷ് ഗുപ്ത അറിയിച്ചു.
അടുത്ത വർഷം നവംബറിലാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നടക്കുക. 1985 മുതൽ ബിജെപിയും കോൺഗ്രസും മാറി മാറി അധികാരത്തിലെത്തിയ സംസ്ഥാനമാണ് ഹിമാചൽ. നിലവിൽ ജയ്റാം ഠാക്കൂറിന്റെ കീഴിൽ എൻഡിഎ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്.