റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ 18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്‍റെ മോചനം വൈകും.ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിങ്ങില്‍ കേസ് പരിഗണിച്ചെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് കേസ് വീണ്ടും ജനുവരി 15ലേക്ക് മാറ്റുകയായിരുന്നു.
മോചനകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. ഡിസംബർ 12ലേത് സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയതിനെ തുടർന്നാണ് 30ലേക്ക് മാറ്റിയിരുന്നത്. എന്നാൽ ഇനി ജനുവരി 15 ന് രാവിലെ 8 മണിക്കാണ് കേസ് വീണ്ടും പരിഗണിക്കുക.
സമാനതകളില്ലാത്ത ഫണ്ട് ശേഖരണത്തില്‍ മൊത്തം 47.87 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ റഹീമിന്റെ മോചനത്തിനായി 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീല്‍ ഫീസായി ഒന്നരക്കോടിയും ഉള്‍പ്പെടെ 36.27 കോടി രൂപ വിനിയോഗിച്ചു. ഇതിനിടെ അബ്ദുള്‍ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും റിയാദില്‍ ജയിലില്‍ എത്തി റഹീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാത്തിരിപ്പ് ഗുണകരമാകും എന്ന പ്രതീക്ഷയില്‍ തന്നെയാണ് റഹീമിന്റെ കുടുംബവും,റഹീം സഹായ സമിതി പ്രവർത്തകരും, സുഹൃത്തുക്കളും.