റിയാദ്: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിൻ്റെ മോചനത്തിനായി കുടുംബവും നിയമസഹായ സമിതിയും അഭ്യർത്ഥിച്ചത് 34 കോടിക്കായാണ്.എന്നാല്‍, മണിക്കൂറുകള്‍ കൊണ്ട് മലയാളികള്‍ കണ്ടെത്തിയത് 47.5 കോടി രൂപയാണ്.
ഇക്കൂട്ടത്തില്‍ സൗദി ബാലൻ്റെ കുടുംബത്തിനും, അഭിഭാഷകനും നല്‍കിയതടക്കം 36 കോടിയോളം രൂപ ചിലവഴിക്കപ്പെട്ടു. 11.60 കോടി രൂപയാണ് ട്രസ്റ്റിൻ്റെ ബാങ്ക് അക്കൗണ്ടില്‍ ബാക്കി വന്നതായി ഭാരവാഹികള്‍ അറിയിച്ചത്. ബാക്കി തുക എന്തുചെയ്യണമെന്ന കാര്യത്തില്‍ അബ്ദുള്‍ റഹീം നാട്ടിലെത്തിയ ശേഷം ഭാരവാഹികള്‍ തീരുമാനമെടുക്കും.
കയ്യിലുള്ളത് കൊച്ചു തുകയാണെങ്കില്‍ പോലും അത് നല്‍കാൻ മനസ് കാണിച്ചത് ഒൻപത് ലക്ഷം ആളുകളാണ്. അതേസമയം, റഹീം സഹായസമിതി അദ്ദേഹത്തിൻ്റെ കുടുംബവുമായി ഭിന്നിപ്പിലാണെന്ന വാർത്ത ഭാരവാഹികള്‍ തള്ളി. ഈ മാസം 17ന് റഹീമിൻ്റെ കേസ് റിയാദ് കോടതി പരിഗണിക്കും. മോചനം വേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ അറീയിച്ചു.