റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ 18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമുണ്ടായില്ല. നടപടിക്രമങ്ങള്‍ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. എട്ടാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്.
ഇന്ന് (വ്യാഴാഴ്ച) രാവിലെ 11.30ന് തുടങ്ങിയ ഓണ്‍ലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തു. ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീർപ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിലാണ് റഹീം.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലായത്. 2012ല്‍ റഹീമിന് വധശിക്ഷ വിധിച്ചു. ഹൗസ് ഡ്രൈവർ വിസയിലെത്തി മൂന്നാം മാസത്തിലാണ് റഹീമിന്റെ ജീവിതം താളം തെറ്റിച്ച സംഭവമുണ്ടാവുന്നത്.
ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് ലോകവ്യാപകമായി മലയാളികള്‍ ചേർന്ന് റഹീമിനായി പിരിച്ച് നല്‍കിയത്. മരിച്ച സൗദി ബാലന്റെ കുടുംബത്തിന് ദിയാധനമായി നല്‍കാനുള്ള തുകയായിരുന്നു അത്. അത് നല്‍കിയതിന് പിന്നാലെയാണ് അവർ മാപ്പ് നല്‍കിയതും കോടതി വധശിക്ഷ റദ്ദ് ചെയ്തതും. എന്നാല്‍ പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള കേസിലുള്ള തീർപ്പ് മാത്രമായിരുന്നു കഴിഞ്ഞത്. ശുഭകരമായ വാർത്ത ഉടൻ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും റഹീം നിയമ സഹായ കമ്മറ്റി പ്രവർത്തകരും.