മലപ്പുറം: വിവാദങ്ങള്‍ നീറിപ്പുകയുമ്പോഴും മെക് 7 വ്യായാമക്കൂട്ടായ്മയ്ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. മലപ്പുറം ചേളാരിയില്‍ നടന്ന മെക് 7 വ്യായാമ മുറകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പങ്കെടുത്തു.കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് സി പി എമ്മും സംഘപരിവാറുമാണ് വ്യായാമത്തെ വർഗീയതയായി മുദ്രകുത്തുന്നതെന്നാണ്.
ഇത് വളരെ നല്ല അനുഭവം ആയിരുന്നുവെന്നും, ജിമ്മിലും യോഗയിലും ഒക്കെയുള്ളതുപോലെ ബേസിക് എക്സർസൈസുകളാണ് പഠിപ്പിക്കുന്നതെന്നും പറഞ്ഞ അബിൻ വർക്കി, എന്തിനാണ് ഇതിനെതിരെ ദുർപ്രചാരണം നടത്തുന്നതെന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു.
ഇത് പ്രോത്സാഹിപ്പിക്കണമെന്നും, ശാഖകളില്‍ ദണ്ഡ് വെച്ച് പരിശീലനം നടത്തുമ്പോള്‍ സി പി എമ്മിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് ആളുകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഉണ്ടാകുന്നത് എന്നറിയില്ല എന്നും പറഞ്ഞ അദ്ദേഹം, ഇതില്‍ പങ്കെടുക്കണമെന്നാണ് അഭിപ്രായമെന്നും, അതിനാലാണ് പിന്തുണച്ച് രംഗത്തെത്തിയതെന്നും പ്രതികരിച്ചു.
നാളെ കോണ്‍ഗ്രസ് നേതാവ് എപി അനില്‍ കുമാർ അടക്കമുള്ളവർ പങ്കെടുക്കുമെന്നും അബിൻ വർക്കി അറിയിച്ചു. ജാതി-മതത്തിനതീതമായി ഒരു കൂട്ടായ്മ വളർന്നു വരണമെന്നും, ഇത് വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.