അബുദാബി കിരീടാവകാശി റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. ടെലിഫോണ്‍ സംഭാഷണണത്തിനിടെ റഷ്യയും യു.എ.ഇയും തമ്മിലുള്ള രാഷ്ട്രീയ, വ്യാപാര, സാമ്പത്തിക, ബന്ധങ്ങളെ പുടിന്‍ പ്രശംസിച്ചു.

നേരത്തെ യുക്രൈന്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ കരട് പ്രമേയം റഷ്യ വീറ്റോ ചെയ്തപ്പോള്‍ യു.എ.ഇ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. യുക്രൈന്‍- റഷ്യ സംഘര്‍ഷത്തിന്റെ അഞ്ചാം ദിവസം യുഎന്‍ പൊതുസഭ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു.

കീവിലെ ടി.വി ടവറിന് നേരെ റഷ്യ വ്യോമാക്രമണം നടത്തിയതോടെ യുക്രൈനിലെ ടി.വി ചാനലുകളുടെ സംപ്രേക്ഷണം മുഴുവന്‍ തടസപ്പെട്ടിരുന്നു. അപ്രതീക്ഷിതമായുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നേരത്തേ ഖാര്‍ക്കിവിലുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്.

നേരത്തേ, യുക്രൈന്‍ കീഴടങ്ങില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. ‘യുക്രൈന്‍ ശക്തരാണ്. ആര്‍ക്കും തങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. രാജ്യത്തിന്റെ സംരക്ഷണത്തിനായി പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. ഞങ്ങള്‍ ഈ പോരാട്ടത്തെ അതിജീവിക്കും. യുക്രൈന്‍ ജനത മുഴുവന്‍ പോരാട്ടത്തിലാണ്. ഇന്ന് യുക്രൈന് ദുരന്തദിനമാണ്. ഖാര്‍ക്കീവിലെ ഫ്രീഡം സ്‌ക്വയറിനെതിരെ ഇന്ന് രണ്ട് മിസൈല്‍ ആക്രമണമുണ്ടായി’- സെലന്‍സ്‌കി പറഞ്ഞു.

യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തിരുന്നു. യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളാണ് ആരംഭിച്ചത്. യുക്രൈന് 70 റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തേ അറിയിച്ചിരുന്നു. ബള്‍ഗേരിയയാണ് 16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും നല്‍കുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് -29 വിമാനങ്ങളും നല്‍കും.

റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഖാര്‍ക്കിവില്‍ മാത്രം കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളടക്കം ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. റഷ്യ- യുക്രൈന്‍ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കേ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. റഷ്യന്‍ മാധ്യമങ്ങളാണ് രണ്ടാംഘട്ട ചര്‍ച്ചയുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.

spot_img

Related Articles

Latest news