കണ്ണീരടക്കാനാവാതെ പ്രവാസി ലോകം: അബുദാബി വാഹനാപകടത്തില്‍ മരണം അഞ്ചായി

യുഎഇ: അബുദാബി കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരൻ അസ്സാം കൂടി മരണത്തിന് കീഴടങ്ങിയതോടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങളും ഓർമ്മയായി.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.

ദുബായില്‍ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളായ അബ്ദുള്‍ ലത്തീഫ് – റുഖ്‌സാന ദമ്ബതികളും അഞ്ച് മക്കളും കുടുംബത്തിലെ വീട്ടുജോലിക്കാരിയും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അബുദാബി ലിവ ഫെസ്റ്റിവലില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലർച്ചെയായിരുന്നു ദുരന്തം.

അഷാസ്, അമ്മാർ, അയ്യാഷ് എന്നിവരും കുടുംബത്തിലെ വീട്ടുജോലിക്കാരിയായ ബുഷ്‌റയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. കൂടാതെ ഗുരുതരമായി പരിക്കേറ്റ് അബുദാബിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അസ്സാം ഇന്നലെ വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ലത്തീഫിനും റുഖ്‌സാനയ്ക്കും നാല് മക്കളെയാണ് അപകടത്തില്‍ നഷ്ടമായത്. ഇവരുടെ മകള്‍ നിലവില്‍ അബുദാബിയിലെ ആശുപ്രത്രിയില്‍ ചികിത്സയിലാണ്. അബ്ദുള്‍ ലത്തീഫും റുഖ്‌സാനയും നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പരിക്കേറ്റ കൈയ്ക്ക് റുഖ്‌സാന ശസ്ത്രക്രിയയ്ക്ക് വിധേയയായി.

നാല് സഹോദരങ്ങളുടെയും മൃതദേഹങ്ങള്‍ യുഎഇയില്‍ തന്നെ സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കൂടാതെ ദുബായില്‍ ശവസംസ്കാര ചടങ്ങുകള്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ബന്ധുക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് പൂർത്തിയാക്കി വരുന്നതായാണ് വിവരം.

ഒരു കുടുംബത്തെ മുഴുവൻ തകർത്ത ഈ അപകടം യുഎഇയിലെ മലയാളി സമൂഹത്തിനിടയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം മോശം കാലാവസ്ഥയും കാഴ്ചപരിധി കുറഞ്ഞതും അപകടത്തിന് കാരണമായോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.
അപകടത്തിന്റെ വ്യക്തമായ കാരണം പുറത്തുവന്നില്ല.

കൂടാതെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മൂടല്‍മഞ്ഞും ദൃശ്യപരത കുറഞ്ഞതും കണക്കിലെടുത്ത് യാത്രകളില്‍ അതീവ ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ നിലവില്‍ കനത്ത മൂടല്‍മഞ്ഞാണ് രൂപ്പപ്പെടുന്നത് അതിനാല്‍ എല്ലാ ഡ്രൈവർമാരെയും വേഗ പരിധികള്‍ പാലിക്കണമെന്നും വ്യക്തമാക്കി.

spot_img

Related Articles

Latest news