വണ്ടിപ്പെരിയാർ: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അരുണ്‍ ഹരി (55), രമ മോഹൻ (40), സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. ഇവർ മാവേലിക്കര സ്വദേശികളാണ് എന്നാണ് വിവരം. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മെഡിസിറ്റിയിലുമായി പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്.തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് സംഭവം.30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മരങ്ങളില്‍ തട്ടിനില്‍ക്കുകയായിരുന്നു ബസ്. ഞായറാഴ്ച പുലർച്ചെ മാവേലിക്കര ഡിപ്പോയില്‍ നിന്ന് യാത്ര പുറപ്പെട്ട KL 15 A 1366 നമ്പറിലുള്ള കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് എയർ ബസ്സാണ് അപകടത്തില്‍ പെട്ടത്.
ദേശീയപാതയില്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ പുല്ലുപാറയ്ക്ക് സമീപമാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് യാത്രക്കാർ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവർ പറഞ്ഞ ഉടൻ ബസ് മറിയുകയായിരുന്നുവെന്നും രക്ഷപെട്ട
യാത്രക്കാർ പറയുന്നു.
നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേക്ക് മറിയുകയും മരങ്ങളില്‍
തട്ടി നില്‍ക്കുകയുമായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പീരുമേടില്‍ നിന്നും മുണ്ടക്കയത്ത് നിന്നും ഫയര്‍ ഫോഴ്‌സ് സംഘവും ഹൈവേ പൊലീസും മോട്ടോര്‍ വാഹന വകുപ്പ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.