കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് ആറ് മണിയോടെ മയ്യനാട് താന്നി റോഡില്‍ ശാസ്താം കോവിലിന് സമീപത്ത് വച്ചായിരുന്നു അപകടം.അലൻ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. ഇരുവരും താന്നിയിലെ സുനാമി ഫ്ലാറ്റിലെ താമസക്കാരാണ്.
കൊല്ലത്ത് നിന്ന് മയ്യനാട് വരികയായിരുന്ന സ്വകാര്യ ബസും മയ്യനാട് ഭാഗത്ത് നിന്ന് താന്നി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് കണ്ടതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ ബൈക്കിന്റെ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഉടൻ തന്നെ ഇരുവരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.