ഉമ തോമസ് എംഎല്‍എ താഴെ വീഴുന്ന അപകട ദൃശ്യം പുറത്ത്

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ.വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വേദിയില്‍ സ്ഥലമോ സുരക്ഷാ സംവിധാനമോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. വേദിയില്‍ നിന്നിരുന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉമ തോമസിന്റെ കാലിടറിയത്. റിബണ്‍ കെട്ടിയ സ്റ്റാന്‍ഡിനൊപ്പം എംഎല്‍എയും താഴേക്കു വീഴുകയായിരുന്നു. തൊട്ടടുത്ത കസേരയില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും ഉണ്ടായിരുന്നു. ഇരുവരും നോക്കിനില്‍ക്കെയാണ് അപകടം നടന്നത്.
സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഞായറാഴ്ചയായിരുന്നു ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്നു വീണ് ഉമ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

spot_img

Related Articles

Latest news