അബദ്ധത്തിൽ മാല മുത്ത് ചെവിക്കുള്ളിൽ കുടുങ്ങി; പുറത്തെടുത്തത് 11 വർഷങ്ങൾക്ക് ശേഷം

മലപ്പുറം: കുട്ടികാലത്തെ കളിക്കിടെ അബദ്ധത്തില്‍ ചെവിക്കുള്ളില്‍ അകപ്പെട്ട മാല മുത്ത് പതിനൊന്ന് വര്‍ഷത്തിനു ശേഷം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. മലപ്പുറം പരവക്കല്‍ കരുവാടി മുഹമ്മദിന്‍റെ മകനും പരവക്കല്‍ ഐടിഐ ഇലക്ട്രിക്കല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അജ്മല്‍ ബിന്‍ മുഹമ്മദി(20)ന്‍റെ ചെവിയിൽ നിന്നാണ് പെരിന്തല്‍മണ്ണ അസന്‍റ് ഇഎന്‍ടി ആശുപത്രിയിലെ സീനിയര്‍ ഇഎന്‍ടി സര്‍ജന്‍ ഡോ.അനുരാധാ വര്‍മ്മ, ഡോ. ആരീഫ് കെ.എന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍ഡോസ്‌കോപ്പി വഴി മാല മുത്ത് പുറത്തെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച് കൂട്ടുകാരോടൊന്നിച്ച് കുട്ടായി കടപ്പുത്ത് അവധി ആഘോഷമാക്കാനെത്തിയ അജ്മല്‍ കടലില്‍ ഇറങ്ങിയിരുന്നു. പെട്ടെന്നുള്ള തിരമാല കണ്ട് കരയിലേക്ക് ഓടിയ അജ്മലിന്‍റെ ചെവിക്ക് കുട്ടുകാരന്‍റെ കൈ തട്ടി നേരിയ പരിക്കേറ്റിരുന്നു.ഇതിന് ചികിത്സ തേടിയാണ് അജ്മല്‍ പിതാവ് മുഹമ്മദുമൊന്നിച്ച് ചൊവ്വാഴ്ച  പെരിന്തല്‍മണ്ണ അസന്‍റ് ഇഎന്‍ടി ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ പ്രാഥമിക പരിശോധനയില്‍ അജ്മലിന്‍റെ ചെവിയില്‍ ഒരു വസ്തു കണ്ടെത്തുകയായിരുന്നു. ഇതോടെ ഡോക്ടര്‍ അജ്മലിന്‍റെ ചെവി വിദഗ്ധ പരിശോധനക്ക് വിധേയമാക്കി.

എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ ചെവിക്കുള്ളില്‍ കിടക്കുന്ന മാല മുത്ത് കണ്ടെത്തുകയും ഉടന്‍ പുറത്തെടുക്കുകയുമായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ മാല മുത്ത് ചെവിയില്‍ അകപ്പെട്ടെങ്കിലും വീട്ടുകാര്‍ വഴക്ക് പറയുമെന്ന ഭയത്താല്‍ സംഭവം ആരെയും അന്ന് അറിയിച്ചിരുന്നില്ലെന്നും പിന്നീട് ഇത് മറന്ന് പോവുകയുമായിരുന്നെന്ന് അജ്മല്‍ പറഞ്ഞു.

spot_img

Related Articles

Latest news