മസ്കത്ത്: ഒമാനില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞു. 2012 മുതല്‍ 2020 വരെ കാലയളവില്‍ 84 ശതമാനത്തിന്റെ കുറവാണ് അപകടങ്ങളുടെ എണ്ണത്തിലുണ്ടായതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിലും കാര്യമായ കുറവ് ദൃശ്യമാണ്.
2012ല്‍ 1139 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 67 ശതമാനം കുറഞ്ഞ് 371 ആയി. പരിക്കേറ്റവരുടെ എണ്ണത്തിലുണ്ടായതാകട്ടെ 70 ശതമാനത്തിന്റെ കുറവാണ്. 2012ല്‍ 8,209 അപകടങ്ങളില്‍ 4,514 പേര്‍ക്ക് പരിക്കേറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷം 1341 അപകടങ്ങളില്‍ 1365 പേര്‍ക്കാണ് പരിക്കേറ്റത്.
ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 58 ശതമാനവും അനുവദിച്ച ലൈസന്‍സുകളുടെ എണ്ണം 65 ശതമാനവും ഉയര്‍ന്നതായും റോയല്‍ ഒമാന്‍ പൊലീസിെന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. റോഡുകളുടെ നിലവാരം വര്‍ധിച്ചതിന് ഒപ്പം ഗതാഗത നിയമങ്ങള്‍ കര്ക്കശമാക്കിയതുമാണ് അപകടങ്ങളുടെ എണ്ണം കുറയാന്‍ കാരണമായത്. കഴിഞ്ഞവര്‍ഷം കോവിഡ് മഹാമാരി മൂലം അപകടങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ദൃശ്യമായത്.