കോഴിക്കോട് വയനാട് ദേശീയ പാത (NH 766) യിൽ അപകടം തുടർക്കഥയാവുന്നതിനാൽ ദേശീയപാതാ ഓഫീസ് ഉപരോധിക്കാനൊരുങ്ങി കൊടുവള്ളി നഗരസഭാ ചെയർമാൻ. ശനിയാഴ്ച കാലത്ത് 10 മണിക്ക് ചെയർമാൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ ആണ് പിക്കറ്റിങ്ങ്.
ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരും, ആയിരക്കണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്ന പാതയിൽ കഴിഞ്ഞ 5 മാസമായി അദാനി ഗ്യാസ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്. പണി കഴിഞ്ഞ സ്ഥലങ്ങളിൽ രൂപപ്പെട്ട കുഴികൾ ഫില്ല് ചെയ്യാതെയും, റീ ടാർ ചെയ്യാതെയും പോയത് കാരണം താമരശ്ശേരി മുതൽ പടനിലം വരെ നിരന്തരം അപകട മേഖലയായിരിക്കുകയാണ്.
മൂന്ന് മാസം മുമ്പ് വലിയ അപകടങ്ങൾ ഉണ്ടായപ്പോൾ ജനങ്ങൾ റോഡ് ഉപരോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത എഞ്ചിനിയർമാരും അദാനി ഗ്യാസ് പ്രവൃത്തി നടത്തുന്നവരും കൊടുവള്ളി സി.ഐ, എസ്സ്.ഐ, കൗൺസിലർമാർ എന്നിവർ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊളിഞ്ഞ ഭാഗങ്ങൾ റീ ടാർ ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ കുറഞ്ഞ പ്രവൃത്തി മാത്രം നടത്തി തലയൂരുകയാണ്
ഉണ്ടായത്. പല തവണ പരാതിപെട്ടിട്ടും ഫലമുണ്ടായില്ല. നൂറ് കണക്കിന് ചെറുതും വലുതുമായ അപകടങ്ങളാണ് ഈ പ്രദേശങ്ങളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വാവാട് വെച്ച് പൈപ്പ് ലൈൻ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന്റെ തുടയെല്ല് തകർന്ന സംഭവമാണ് ഒടുവിലത്തേത്.