കേരളത്തെ ഞെട്ടിച്ച വളപട്ടണം കവർച്ചാ കേസില്‍ പ്രതി പിടിയില്‍. അരി വ്യാപാരി അഷ്റഫിൻ്റെ വീട്ടില്‍ കവർച്ച നടത്തിയത് അയല്‍വാസി ലിജീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു.കട്ടിലിന് അടിയില്‍ പ്രത്യേകം നിർമിച്ച അറയില്‍ സൂക്ഷിച്ച 1.21 കോടി രൂപയും 267 പവൻ സ്വർണവും പൊലീസ് പിടിച്ചെടുത്തു.
കേരളത്തെ നടുക്കിയ വളപട്ടണം കവർച്ചാ കേസില്‍ പ്രതിയിലേക്ക് എത്താൻ പൊലീസിന് പിടിവള്ളിയായത് ഒരു സിസിടിവി ദൃശ്യം മാത്രമാണ്. കേസെടുത്ത് പത്താംനാള്‍ പൊലീസ് തിരിച്ചറിഞ്ഞു, പ്രതി അയല്‍വാസി ലിജീഷാണ്. നവംബർ 20ന് രാത്രി അരി വ്യാപാരി അഷ്റഫിൻ്റെ വീട്ടില്‍ കയറിയ പ്രതി, സിസിടിവി ക്യാമറ തിരിച്ചുവെച്ചിരുന്നു. പക്ഷെ തിരിഞ്ഞത് അടുത്ത മുറിയിലേക്ക്.
ആ ക്യാമറയില്‍ പതിഞ്ഞ മോഷ്ടാവിൻ്റെ ദൃശ്യങ്ങളില്‍ നിന്ന് രണ്ട് കാര്യം വ്യക്തമായി. ചുവപ്പും നീലയും നിറമുള്ള ടീഷർട്ടാണ് ധരിച്ചത്. മോഷ്ടാവിന് ചെറിയ കഷണ്ടിയുണ്ട്. അഷ്റഫ് കല്യാണത്തിന് പോകുമെന്നും ലോക്കറില്‍ കോടികളുടെ സ്വത്ത് ഉണ്ടെന്നും അറിയാവുന്ന സമീപവാസികളെയാണ് പൊലീസ് അന്വേഷിച്ചത്. അങ്ങനെ ആറ് ദിവസത്തെ നിരീക്ഷണത്തിന് ഒടുവില്‍ പൊലീസ് ലിജീഷിനെ കസ്റ്റഡിയില്‍ എടുത്തു.ലിജീഷ് വെല്‍ഡിംഗ് തൊഴിലാളിയാണ്. ആ തൊഴില്‍ വൈദഗ്ധ്യമാണ് മോഷണത്തിന് ഉപയോഗിച്ചത്. അഷ്റഫിന് വീടിന് പിന്നിലെ ജനലിൻ്റെ പാളികള്‍ അറത്താണ് അകത്ത് കടന്നത്. സങ്കീർണമായ ലോക്കുള്ള ലോക്കർ തുറന്ന് പണവും സ്വർണവും കവർന്നത്, വെറും 40 മിനിറ്റ് കൊണ്ടാണ്. പക്ഷെ ഒരു വെല്‍ഡിങ് ടൂള്‍ മറന്ന് പോയതുകൊണ്ട് തൊട്ടു പിറ്റേന്നും ലിജീഷ്, അഷ്റഫിൻ്റെ വീട്ടില്‍ കയറിയിരുന്നു.
കട്ടിലിന് അടിയില്‍ പ്രത്യേക അറ ഉണ്ടാക്കിയാണ് ലിജീഷ് കവർച്ചാമുതല്‍ സൂക്ഷിച്ചത്. തകരപ്പാളി വെല്‍ഡ് ചെയ്ത് ഉണ്ടാക്കിയതായിരുന്നു ഈ രഹസ്യഅറ. ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തത് 1.21 കോടി രൂപയും 267 പവൻ സ്വർണവുമാണ്.അഷ്റഫിൻ്റെ വീട്ടില്‍ നിന്ന് കിട്ടിയ ഫിംഗിർ പ്രിൻ്റ്പരിശോധിച്ചപ്പോള് പൊലീസിന് മറ്റൊരു കാര്യം കൂടി മനസിലായി. കണ്ണൂർ കീച്ചേരിയില്‍ മുമ്പ് നടന്നൊരു മോഷണത്തിലെ പ്രതിയും ലിജീഷ് തന്നെയാണ്. കീച്ചേരി മോഷണ കേസ് ഇതുവരെ തെളിയിക്കപ്പെടാതെ കിടക്കുകയായിരുന്നു.
കേരളം മുഴുവൻ ഞെട്ടലോടെ കേട്ട കവർച്ചയ്ക്ക് പിന്നാലെ പൊലീസ് പരക്കം പായുമ്പോഴും അഷ്റഫിൻ്റെ വീടിന് പരിസരത്ത് തന്നെ വിവരങ്ങള്‍ അന്വേഷിച്ച് ലിജീഷ് നിന്നു. കഴിഞ്ഞ ദിവസം അവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് ലിജീഷ്, അന്വേഷണ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍ രണ്ടാംഘട്ടത്തില്‍ പൊലീസ് തന്നെ നിരീക്ഷിക്കുന്നു എന്ന കാര്യം ലിജീഷ് തിരിച്ചറിഞ്ഞില്ല.
20 അംഗ അന്വേഷണ സംഘം അതിസമർഥമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. 115 സിഡിആർ രേഖകളും 100 സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് 215 പേരെയാണ് ചോദ്യം ചെയ്തത്. വിപുലമായ അന്വേഷണത്തിന് ഒടുവില്‍ പ്രതിയെ പിടിക്കാൻ കഴിഞ്ഞതിൻ്റെ അഭിമാനത്തിലാണ് കണ്ണൂർ പൊലീസ്.