കേരള ക്രിക്കറ്റിലെ മാന്ത്രികന്‍ എ.സി.എം. അബ്​ദുല്ല വിടവാങ്ങി

കേരളത്തി​ന്റെ കായികക്കുതിപ്പിന് മഹത്തായ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു തിരുവനന്തപുരത്ത് ബുധനാഴ്​ച നിര്യാതനായ തലശ്ശേരി സ്വദേശി എ.സി.എം. അബ്​ദുല്ല. കായികാധ്യാപകനായിരുന്ന ഇദ്ദേഹം പരിചയക്കാര്‍ക്കിടയില്‍ ആബു മാഷായാണ് അറിയപ്പെട്ടിരുന്നത്.

തലശ്ശേരിയിലെ പ്രശസ്ത കായിക തറവാടായി അറിയപ്പെട്ട അച്ചാരത്ത് കുടുംബത്തില്‍ ചൊവ്വക്കാരന്‍ ഓര്‍ക്കാട്ടേരി താഴത്തെ വീട്ടില്‍ മക്കി കേയിയുടെയും അച്ചാരത്ത് ആച്ചുമ്മയുടെയും മകനായി 1933 ഏപ്രില്‍ മൂന്നിനാണ് അബ്​ദുല്ലയുടെ ജനനം. തലശ്ശേരി ബി.ഇ.എം.പി ഹൈസ്കൂള്‍, തലശ്ശേരി സെൻറ്  ജോസഫ്സ് ഹൈസ്കൂള്‍, മദ്രാസ് വൈ.എം.സി.എ പി.ഇ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1951 ജൂണ്‍ ഒന്നിന് സെൻറ് ജോസഫ്സ് ഹൈസ്കൂളില്‍ അസി. ഫിസിക്കല്‍ എജുക്കേഷനല്‍ ടീച്ചറായി ജോലിയില്‍ പ്രവേശിച്ചു. തലശ്ശേരി സെൻറ് ജോസഫ്സ് സ്കൂളില്‍ എന്‍.സി.സി ഓഫിസറായും സേവനമനുഷ്ഠിച്ചു.

ഇതിനിടെ, കേരളത്തിലെ ആദ്യത്തെ സംസ്ഥാന സ്കൂള്‍ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ എന്ന പദവിയും അദ്ദേഹത്തെ തേടിയെത്തി. തിരുവനന്തപുരത്തേക്ക് കുടുംബ സമേതം താമസം മാറിയ ഇദ്ദേഹം ഒമ്പത് വര്‍ഷക്കാലം കേരള സ്കൂള്‍സ് അത്​ലറ്റിക്സ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനം അലങ്കരിച്ചു.

തിരുവനന്തപുരത്ത് മൂന്ന് തവണയാണ് ഇദ്ദേഹം ദേശീയ സ്കൂള്‍സ് മീറ്റ് സംഘടിപ്പിച്ചിരുന്നത്. പി.ടി. ഉഷ, ഷൈനി വിത്സണ്‍, പത്മിനി തോമസ് തുടങ്ങിയ അന്തര്‍ ദേശീയ താരങ്ങളുടെ ഉദയം ഇദ്ദേഹത്തി​ന്റെ കാലത്തായിരുന്നു. സ്കൂള്‍ കായികാധ്യാപകര്‍ക്ക് ഒരു മാസത്തെ ഇന്‍ സര്‍വിസ് കോഴ്സ് നടപ്പാക്കിയതും മികച്ച സ്കൂള്‍ കായിക താരങ്ങളുടെ പരിശീലകര്‍ക്ക് ഇന്‍സന്റീവ് നല്‍കുന്നതും ചരിത്രത്തിലാദ്യമായി നടപ്പിലാക്കിയത് ഇദ്ദേഹത്തി​ന്റെ നേട്ടമായിരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായി ഏഴ് വര്‍ഷക്കാലം ആബു മാസ്​റ്റര്‍ സേവനമനുഷ്​ഠിച്ചു. കേരളത്തിലാദ്യമായി ഒരു അന്താരാഷ്​ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിച്ചിരുന്നത് ആബു മാസ്​റ്ററായിരുന്നു. 1984ല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്​റ്റേഡിയത്തില്‍ ഇന്ത്യയും ആസ്ട്രേലിയയും തമ്മില്‍ നടന്ന ഏകദിന മത്സരത്തി​ന്റെ പ്രധാന സംഘാടകനായിരുന്നു അദ്ദേഹം. ബി.സി.സി.ഐയുടെ സെക്രട്ടറി ചുമതലയിലെത്തിയ എസ്. കെ. നായര്‍, ആബു മാസ്​റ്റര്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നപ്പോള്‍ കെ.സി.എയുടെ ജോ. സെക്രട്ടറിയായിരുന്ന വ്യക്തിയാണ്.

മാറ്റിന് പകരം കേരളത്തില്‍ ആദ്യമായി ടര്‍ഫ് വിക്കറ്റ് നിര്‍മിച്ചത് ആബു മാഷ് സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു. കണ്ണൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷ​ന്റെ അക്കാലത്തെ സെക്രട്ടറി പരേതനായ സൈബൂസ് അബ്​ദുല്ലയായിരുന്നു. തലശ്ശേരിക്കാരായ ഇവര്‍ രണ്ടു പേരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയുടെ ക്രിക്കറ്റ് പ്രതാപകാലം കൂടിയായിരുന്നു അക്കാലം.

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ തലശ്ശേരി നഗരസഭ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. 1972ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ടീം ക്യാപ്റ്റനായിരുന്ന പരേതനായ ബാബു അച്ചാരത്ത്, കേരള ക്രിക്കറ്റിലെയും ഹോക്കിയിലെയും മാന്ത്രികനായി അറിയപ്പെട്ടിരുന്ന അകാലത്തില്‍ മണ്‍മറഞ്ഞ പൊന്‍മാണിച്ചി മക്കി ഉള്‍പ്പെടെയുള്ളവര്‍ ആബു മാഷിന്റെ അടുത്ത ബന്ധുക്കളാണ്. രാഷ്​ട്രീയത്തിലെ അതികായരായ ഇ.എം.എസ്, സി.എച്ച്‌. മുഹമ്മദ് കോയ, കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി, എ.കെ. ആന്‍റണി തുടങ്ങിയവരുമായി അടുപ്പം പുലര്‍ത്തിയിരുന്നു.

spot_img

Related Articles

Latest news