തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് കളം ഇന്ന് മുതല്‍ സജീവമാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കണ്ട് പിന്തുണ തേടും. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് വീട് കയറി വോട്ട് തേടുന്നത് തുടരുകയാണ്.
ഇന്ന് മുതല്‍ തൃക്കാക്കരയുടെ രാഷ്ട്രീയം കൂടുതല്‍ സജീവമാകും. മുക്കിലും മൂലയിലും രാഷ്ട്രീയ ചര്‍ച്ചകളുയരും. മതിലുകളും ചുവരുകളും സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കും.
പ്രചാരണത്തിന്റെ ആദ്യ ദിനം മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിക്കാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് കൂടുതല്‍ സമയം വിനിയോഗിക്കുക. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും സാമുദായിക നേതാക്കളെയും കണ്ട് പിന്തുണ തേടും. പ്രചരണ രംഗത്ത് രണ്ട് ദിവസം മുന്നോട്ട് പോയ യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം ആദ്യ ദിനം തന്നെ ഓടിയെത്താനുള്ള പരിശ്രമത്തിലാണ് എല്‍ഡിഎഫ്.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വീട് കയറിയുള്ള പ്രചാരണം തുടരുകയാണ്. എതിര് സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ പ്രചാരണത്തിനും വേഗതയേറും. പടമുകള്‍ ജുമാ മസ്ജിദ്, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് ഇന്ന് ഉമ തോമസിന്റെ പ്രചാരണം.
യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്കും ഇന്ന് മുതല്‍ തുടക്കമാകും. വരു ദിവസങ്ങളില്‍ ഇരു മുന്നണികളുടെയും പ്രമുഖ നേതാക്കള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തില്‍ സജീവമാകും. വികസന ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമായി ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക് തൃക്കാക്കര കടക്കുകയാണ്.
തൃക്കാക്കരയിലെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും. എ. എന്‍. രാധാകൃഷ്ണന്, എസ്. ജയകൃഷ്ണന്, ടി. പി. സിന്ധുമോള്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് കോഴിക്കോട് ചേരുന്ന കോര്‍ കമ്മിറ്റിയിലാകും തീരുമാനം. ട്വന്റി ട്വന്റിയുടെ പിന്തുണയോടെ മത്സരിക്കുന്ന ആം ആദ്മിയും സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും.
തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ അതിവേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ ശ്രമം. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് അടങ്ങുന്ന സമിതി ഒരു മാസം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് നാലുപേരുടെ സാധ്യതാ ലിസ്റ്റ് തയാറാക്കിയത്. ഇതില്‍ എ.എന്‍.രാധാകൃഷ്ണന് തന്നെയാണ് മുന്‍തൂക്കം. വനിതാ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ ടി.പി.സിന്ധുമോള്‍ക്ക് നറുക്ക് വീഴും. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്റെ പേരും സജീവമായി തന്നെ പരിഗണിക്കുന്നുണ്ട്.
ട്വന്റി ട്വന്റി പിന്തുണയ്ക്കുമെന്നു അറിയിച്ചതോടെ ആം ആദ്മിയുടെ സ്ഥാനാര്‍ഥി ആരാകുമെന്നതും ആകാംക്ഷ വര്‍ധിപ്പിക്കുന്നു. 20 – 20യുടെ വെല്‍ഫയര്‍ പൊളിറ്റിക്സുമായാണ് സഹകരിക്കുന്നത് എന്ന്ആം ആദ്മി നേതാവ് പത്മനാഭ ഭാസ്കര്‍ വ്യക്തമാക്കിയിരുന്നു. പി.സി.സിറിയക്കിന്റെ അടക്കമുള്ള പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്വങ്കിലും സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന നിലപാടിലാണ് സിറിയക്.
വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ ബിജെപിയും, ആം ആദ്മിയും പിടിക്കുന്ന വോട്ടുകളാവും ജയപരാജയം നിര്‍ണയിക്കുക.