നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടൻ ഇടവേളബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി നല്കിയ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.നേരത്തെ എറണാകുളം പ്രിൻസിപ്പല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുൻകൂർ ജാമ്യം നല്കിയതിനാല് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ ഇടവേള ബാബുവിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി, ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നീ പരാതികളിന്മേലാണ് ഇടവേള ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ആലുവ സ്വദേശിയായ നടിയുടെ പരാതി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലും കോഴിക്കോട് സ്വദേശിനിയായ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയില്‍ നടക്കാവ് പോലീസ് സ്റ്റേഷനിലുമാണ് കേസ്.
പരാതിക്കാരിയെ ഇടവേള ബാബുവിന്റെ ഫ്ലാറ്റിലെത്തിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. നിലവിലുള്ള ഈ രണ്ടു കേസുകളും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയതിന്റെ തുടർന്നാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ലൈംഗികപീഡന പരാതിയില്‍ എംഎല്‍എ കൂടിയായ നടൻ എം മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അതേസമയം, ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലീകരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അഭിനയതക്കളുടെ സംഘടനയായ അമ്മയുടെ മുൻഭാരവാഹികളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.