സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിച്ചതിന്റെ ആഘാതവുമായി നടന് വിനോദ് കോവൂർ. താനഭിനയിച്ച മറിമായം സീരിയലിന്റെ തിരക്കഥകളിൽ കാണാറുള്ള ഗവണ്മെന്റ് ഓഫീസ് സംബന്ധിയായ തട്ടിപ്പുകൾ സമാനമായ രംഗങ്ങൾ തനിക്ക് ചുറ്റും അരങ്ങേറിയത് കണ്ട് ഞെട്ടിയിരിക്കുകയാണ് അദ്ദേഹം.
2019ല്‍ കാലാവധി അവസാനിച്ച തന്റെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വിനോദ് വീടിനടുത്തുള്ള ഡ്രൈവിങ് സ്കൂളില്‍ ഏല്പിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പ്പെടെ നടപടിക്രമം വേണമെന്നായി സ്കൂള്‍ അധികൃതര്‍. പറഞ്ഞ 6300 രൂപ ഫീസ് കൊടുത്തപ്പോൾ ലൈസന്‍സ് ഉടന്‍ ശരിയാക്കാം എന്ന ഉറപ്പും കിട്ടി.
ഷൂട്ടിങ് തിരക്കിലായ വിനോദിനെ തേടി കോഴിക്കോട് സൈബര്‍ സെല്ലില്‍ നിന്ന് വന്ന ഫോൺ കാൾ ആണ് കഥയിലെ അടുത്ത വഴിത്തിരിവ്. ലൈസന്‍സ് വ്യാജമായി പുതുക്കിയെന്ന ആരോപണത്തിൽ കുഴങ്ങിപ്പോയ വിനോദ്, ലൈസന്‍സ് പുതുക്കാന്‍ നല്‍കിയെന്നല്ലാതെ താനൊന്നും അറിയില്ലെന്ന് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.
വിനോദ് ലൈസൻസ് പുതുക്കാൻ ഏൽപ്പിച്ച കോവൂര്‍ നസീറ ഡ്രൈവിങ് സ്കൂളുകാരനാണ് പണി പറ്റിച്ചത്. ആട്ടോമൊബൈൽ വകുപ്പിന്റെ ‘സാരഥി’ വെബ്സൈറ്റില്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി. രതീഷിന്റെ യൂസര്‍ നെയിമും പാസ്വേര്ഡും, അദ്ദേഹം അറിയാതെ ഉപയോഗിച്ച്, വിനോദിന്റെ ലൈസന്‍സ് പുതുക്കുകയായിരുന്നു എന്നാണ് പിന്നീട് വ്യക്തമായത്.
മാര്‍ച്ച് ഒന്നിന് രാത്രി എട്ടിനും 8.40നും ഇടയിലാണ് ലൈസന്‍സ് പുതുക്കിയത്. നാലുതവണ ലോഗിന്‍ ചെയ്തെന്ന് രതീഷിന് മൊബൈലില്‍ സന്ദേശം ലഭിച്ചതോടെ സംശയം തോന്നിയ അദ്ദേഹം ആര്.ടി.ഒക്ക് പരാതി നല്‍കിയത് കൊണ്ടാണ് തട്ടിപ്പ് വെളിയിൽ വന്നത്. ആര്.ടി.ഒയുടെ അന്വേഷണത്തില്‍ വിനോദ് കോവൂരിന്റെ ലൈസന്‍സാണ് പുതുക്കിയതെന്ന് വ്യക്തമാവുകയും ആര്.ടി.ഒ പരാതി സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു.
അവരുടെ ശാസ്ത്രീയ അന്വേഷണത്തില്‍ നസീറ ഡ്രൈവിങ് സ്കൂളിന്റെ ഐ. പി യിലൂടെയാണ് വെബ്സൈറ്റില്‍ കയറിയതെന്ന് കണ്ടെത്തുകയും പൊലീസ് ഡ്രൈവിങ് സ്കൂളിലെത്തി ഹാര്‍ഡ് ഡിസ്കും മോഡവും ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. ഹാര്‍ഡ് ഡിസ്ക്കിലെ വിവരങ്ങള്‍ മായിച്ചിട്ടുള്ളതിനാല് ഇവ വീണ്ടെടുക്കാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാവും തുടര്‍നടപടി.
ലൈസൻസ് വ്യാജമായി പുതുക്കിയ നടപടി ഹൈദരാബാദിലെ സര്‍വറില്‍ റദ്ദാക്കിയ ശേഷമേ വിനോദിന് പുതിയ ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയൂ. കാലതാമസമുണ്ടാവുമെന്നതിനാല് അതുവരെ താല്‍ക്കാലിക ലൈസന്‍സ് ലഭിക്കുമോ എന്നറിയാന്‍ അടുത്തദിവസം ആര് ടി ഒ യെ സമീപിക്കാനിരിക്കുകയാണ് നടൻ.