ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസിൽ നടി ലീന മരിയ പോള്‍ അറസ്റ്റിൽ. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടിയെ ദൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ്.
തിഹാർ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന ലീന മരിയ പോളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ചെന്നൈ നഗരത്തില്‍ കടലിനഭിമുഖമായുള്ള ആഡംബര വീട് ലീനയ്ക്കുണ്ട്. ഇതിന്റെ വില 15 കോടിയാണ്.
ഈ വീട്ടില്‍ സഹായികളും അംഗരക്ഷകരുമുണ്ട്. ഇവിടെ കഴിയുന്നതിനിടയിലാണ് ലീനയെ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തിയത്. കൂട്ടാളിയായ സുകേഷ് ചന്ദ്രശേഖര്‍ ജയിലില്‍ കഴിയുമ്പോഴും ലീനയ്ക്ക് അളവില്ലാത്ത പണം ലഭിക്കുന്നതിന്റെ സ്രോതസ്സ് തേടിയാണ് ഇഡി എത്തിയത്. അന്ന് വീടിന് പുറമെ 16 ആഡംബര കാറുകള്‍, രണ്ട് കിലോ സ്വര്‍ണ്ണം, 82.50 ലക്ഷം രൂപ, എന്നിവ ഇഡി കണ്ടുകെട്ടി.