പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മേഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം രണ്ടിനെ. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ വേഷങ്ങളില്‍ ഒന്നായിരുന്നു എസ്തര്‍ അനില്‍ അവതരിപ്പിച്ച അനുമോളെന്ന കഥാപാത്രം. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ മകളുടെ വേഷം. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് എസ്തര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
“സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള്‍, പക്ഷേ എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ചെയ്തു തീര്‍ക്കാനുള്ള അസൈന്‍മെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ചും ആശങ്കപ്പെട്ടുമാണ് ഞാന്‍ എന്നും സെറ്റിലെത്തിയിരുന്നത്. എന്നാല്‍ മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേര്‍ന്നുകൊണ്ട് ഈ മനുഷ്യന്‍ അടുത്തുവരും. ഒരിക്കല്‍ മാത്രമല്ല, എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാന്‍ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാന്‍ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനചേച്ചിയും അന്‍സിബ ചേച്ചിയും അദ്ദേഹത്തിന്റെ ടീമില്‍ ചേരും.
എന്തുകൊണ്ടായിരുന്നു എന്നെ മാത്രം ലക്ഷ്യമിട്ടിരുന്നതെന്നാണ് ചിന്തിക്കുന്നത്.. ദൃശ്യം 2ന്റെ ചിത്രീകരണ സമയം ഞങ്ങള്‍ക്കൊക്കെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങളായിരുന്നു. കൂടെ പ്രവര്‍ത്തിക്കാന്‍ ഏറ്റവും മികച്ച, സന്തോഷവാനും രസികനുമായ ഒരാളായതില്‍ കുന്നോളം നന്ദി ലാലങ്കിള്‍. ഒത്തിരി സ്നേഹം,” മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് എസ്തര്‍ കുറിച്ചു.
നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ എസ്തറിന്റ രണ്ടാമത്തെ ചിത്രം മോഹന്‍ലാലിനൊപ്പമായിരുന്നു. ഒരു നാള്‍ വരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും സമീര റെഡ്ഡിയുടെയും മകളായാണ് എസ്തര്‍ വേഷമിട്ടത്.