റിയാദ്: ഇന്ത്യ സഖ്യത്തിന് ഗവൺമെന്റ് ഉണ്ടാക്കാൻ മുപ്പത്തിരണ്ട് എം.പിമാരുടെ പിൻ ബലം മതി , ഇപ്പോൾ തന്നെ ബിജെപിയോടും സഖ്യ കക്ഷികളോടും ഒപ്പം നിൽക്കുന്ന പതിനഞ്ചോളം എംപിമാർ രാജി സന്നദ്ധത പ്രതിപക്ഷത്തോട് അറിയിച്ചിട്ടുണ്ട്. പക്ഷെ കുതിരക്കച്ചവടം നടത്തി ഗവൺമെന്റ് ഉണ്ടാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് കെപിസിസി വക്താവും, അസംഘടിത തൊഴിലാളി ദേശീയ കോ-ഓർഡിനേറ്ററും രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ അംഗമായിരുന്ന അഡ്വ: അനിൽ ബോസ് റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് വരുകയാണ് ജനങ്ങളുടെ അഭിപ്രായം എന്താണെന്ന് മനസ്സിലാക്കി ഞങ്ങൾ തീരുമാനമെടുക്കും , കുതിരക്കച്ചവടത്തിന് ഞങ്ങളില്ല. പക്ഷെ ഈ ഗവൺമെന്റിനെ പിന്തുണക്കുന്ന മുന്നണിയിലെ ഘടക കക്ഷികളും അതോടൊപ്പം തന്നെ മുന്നണിയിൽ മാത്രമല്ല ബിജെപിയിൽ നിൽക്കുന്ന പതിനഞ്ചോളം എംപിമാരും ഇപ്പോൾ തന്നെ ആ പാർട്ടിയുടെ ധുർനയങ്ങളിൽ പ്രതിഷേധിച്ച് രാജി വെക്കാൻ തയ്യാറാണെന്ന് ക്യത്യമായ അഭിപ്രായം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങൾ അട്ടിമറി ശ്രമത്തിനില്ല ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് അഡ്വ:അനിൽ ബോസ് പറഞ്ഞു.
ഇന്ത്യയിൽ ഇനി ജാതി പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ സാധിക്കില്ല എന്നതിനുള്ള തെളിവാണ് യുപി യിലെ വാരാണസി ജില്ലയിലെ ബി ജെ പിക്ക് കിട്ടിയ തിരിച്ചടി.അധികാര രാഷ്ട്രിയത്തിന് വേണ്ടി മതത്തെ ഉപയോഗിച്ച് ജനങ്ങളെ തമ്മിലടിക്കാൻ ശ്രമിച്ചതിന് കിട്ടിയ ജനവിധിയാണ് ഉണ്ടായതെന്ന് അനിൽ ബോസ് പറഞ്ഞു.
തൃശൂരിലെ മുരളിയുടെ തോൽവി പാർട്ടി കൃത്യമായി പഠിച്ചു വിലയിരുത്തും .കോൺഗ്രസിന് വോട്ട് ചെയ്തിരുന്ന ഒരു വിഭാഗത്തിന്റെ വോട്ട് സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ട് മാത്രമല്ല സുരേഷ് ഗോപി പോലും ഇതൊരു രാഷ്ട്രിയ വിജയമായി കാണുന്നില്ല. പിണറായി സർക്കാർ പൂർണ പരാജയമാണെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സംസ്ഥാനത്ത് അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം പ്രമാണിച്ച് ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഓർമയിൽ ഒ സി എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് അനിൽ ബോസ് റിയാദിൽ എത്തിയത്.
വാർത്താസമ്മേളനത്തിൽ റിയാദ് ഒ.ഐ.സി.സി ആക്റ്റിംഗ് പ്രസിഡന്റ് സജീർ പൂന്തുറ, സംഘടനാ വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി എന്നിവർ പങ്കെടുത്തു.