ബെംഗളൂരു : രാജ്യത്തിന്റെ ആകാശക്കരുത്ത് കാട്ടി പോര്‍വിമാനങ്ങളുടെ പ്രദര്‍ശനങ്ങളുമായി എയ്റോ ഇന്ത്യ 2021ന് ഇന്ന് തുടക്കമാകും. ബെംഗളൂരു വിലെ യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷനില്‍ രാവിലെ 9:30 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി അഞ്ച് വരെയാണ് പരിപാടി. കൊറോണ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്.
കൊറോണ വ്യാപനം വിദേശ കമ്ബനികളുടെ പ്രാതിനിധ്യം കുറച്ചിട്ടുണ്ട്. എന്നാല്‍ ആത്മനിര്‍ഭര്‍ ഭാരത് ഉള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലൂടെ പ്രതിരോധ ഉപകരണ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ സാന്നിധ്യം അറിയിച്ച ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് തുടങ്ങിയവയുടെ സാന്നിധ്യം ശ്രദ്ധേയമാകും. ഏകദേശം അറുനൂറോളം കമ്ബനികള്‍ അവരുടെ ഉപകരണങ്ങള്‍ എയ്റോ ഇന്ത്യയില്‍ പ്രദര്‍ശിപ്പിയ്ക്കും. ഇതില്‍ 78 എണ്ണം വിദേശ കമ്ബനികളാണ്. റഫേലിന്റെ നിര്‍മ്മാതാക്കളായ ദെസ്സോ, പ്രമുഖ കമ്ബനികളായ ബോയിംഗ്, ലോക്ക് ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയവ വ്യോമ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ പിന്‍ബലത്തില്‍ വികസിപ്പിച്ച 30 ഓളം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിയ്ക്കുമെന്ന് ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് വ്യക്തമാക്കി. പ്രതിരോധ ആവശ്യങ്ങള്‍ക്കുളള ആശയ വിനിമയ, ലേസര്‍ അധിഷ്ഠിത ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടും. ബഹിരാകാശ, ഉപഗ്രഹ, സ്പെയ്സ് ആപ്ലിക്കേഷന്‍ ഉപകരണങ്ങളും കമ്ബനി അണിനിരത്തുന്നുണ്ട്. ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളും, ലൈറ്റ് കോംപാക്‌ട് ഹെലികോപ്ടറുകളുമാകും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അവതരിപ്പിയ്ക്കുക.