റിയാദ്: തിരുവന്തപുരം വെഞ്ഞാറ മൂട്ടില് കൂട്ടക്കൊല നടത്തിയ 23കാരൻ അഫാന്റെ പിതാവ് അബ്ദുൽ റഹീം ദമ്മാമില്‍ ഉറ്റവരെ നഷ്ടപ്പെട്ട വേദനയില്‍ മരവിച്ചിരിപ്പാണ്. ഒപ്പം 23 കാരനായ മകന്റെ ക്രൂരതയിലും .
കാല് നൂറ്റാണ്ടിലേറെയായി പ്രവാസം നല്കിയ ദുരിതക്കയങ്ങളില്‍നിന്ന് രക്ഷപെടാനുള്ള ആയാസങ്ങള്‍ക്കിടയിലേക്കാണ് സർവതും തകർന്നുപോയ വാർത്ത നാട്ടില്‍നിന്ന് ഇദ്ദേഹത്തെ തേടിയെത്തിയത്. ”ഒന്നും വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും പറയാനാകുന്നില്ല…” -അബ്ദുൽ റഹീമിന്റെ വാക്കുകള്‍ വിതുമ്പി.
വെഞ്ഞാറമൂട് സല്‍മാസ് അബ്ദു റഹീം 25 വർഷമായി റിയാദിലായിരുന്നു. ഒന്നര മാസം മുമ്പാണ് ദമ്മാമിലേക്ക് വന്നത്. റിയാദ് ഷിഫയിലെ മഅ്റളിനടുത്ത് വാഹനങ്ങളുടെ പാർട്സുകള്‍ വില്‍ക്കുന്ന കട നടത്തിവരികയായിരുന്നു.
കട നടത്തിയതിനെത്തുടർന്നുണ്ടായ ബാധ്യതകളില്‍നിന്ന് രക്ഷപെടാൻ ഒന്നരമാസം മുമ്പ് ദമ്മാമിൽ എത്തി പുതിയ ജോലിയില്‍ നോക്കിയതാണ്. സാമ്പത്തിക ബാധ്യതകളും ഇഖാമ പുതുക്കാത്തതും സ്പോണ്‍സറുമായുള്ള തർക്കങ്ങളും ഒക്കെയായി റഹീമിന്റെ പ്രവാസവും ആകെ ദുരിതമയമാണ്.
മൂന്നുവർഷമായി ഇഖാമ പുതുക്കാത്തതിനാല്‍ നിയമകുരുക്കിലുമായി. ഇതോടെ നാട്ടില്‍ പോകാനുള്ള വാതിലുകളുമടഞ്ഞു. ഏഴ് വർഷമായി നാട് കണ്ടിട്ട്.
ഇതിനിടയില്‍ ഭാര്യയേയും മക്കളേയും വിസിറ്റ് വിസയില്‍ കൊണ്ട് വന്ന് റിയാദില്‍ ആറ് മാസം ഒപ്പം നിർത്തിയിരുന്നു. എല്ലാ വിഷമ വൃത്തങ്ങളില്‍ നിന്നും പുറത്തുകടക്കണം, കടക്കാർ ബുദ്ധിമുട്ടിക്കാത്ത ഒരു ജീവിതം വേണം. വീടുവിറ്റ് കടങ്ങള്‍ തീർക്കുന്നതുള്‍പടെയുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് വിധി ജീവിതം അപ്പാടെ തകർത്തെറിഞ്ഞത്.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്ബത്തിക പ്രശ്നമാണെന്നാണ് നിഗമനം.