പത്ത് കൊല്ലംകഴിഞ്ഞ ആധാർ പുതുക്കണം; മൂന്നുജില്ലയിൽ നടപടി തുടങ്ങി

 

പത്തുകൊല്ലം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ ആധാർ അതോറിറ്റി നടപടി തുടങ്ങി. തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയുമാണ് ഇതിനു വേണ്ടത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതുക്കൽ തുടങ്ങി. ഡിസംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും തുടങ്ങും.

ആദ്യകാലത്ത് മേൽവിലാസ-തിരിച്ചറിയൽ രേഖകളിലെ വിവരങ്ങൾ ഓൺലൈനിൽ ചേർക്കുക മാത്രമാണു ചെയ്തിരുന്നത്. രേഖകൾ ഡിജിറ്റൈസ് ചെയ്യാൻലക്ഷ്യമിട്ടാണിപ്പോൾ പുതുക്കുന്നത്.

ആളുകൾ തയ്യാറായില്ലെങ്കിൽ പുതുക്കൽ നിർബന്ധമാക്കിയേക്കുമെന്നാണു സൂചന. പേര്, വിലാസം, മൊബൈൽനമ്പർ എന്നിവയിലെ മാറ്റങ്ങളും രേഖകൾ സമർപ്പിക്കുന്നതിനൊപ്പം പുതുക്കാനാകും. അക്ഷയകേന്ദ്രങ്ങളിലെത്തിയോ ആധാർ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ കയറിയോ പുതുക്കാം. ഇതിനായി ആധാർ സോഫ്റ്റ്‌വേർ പരിഷ്കരിച്ചിട്ടുണ്ട്.

ഒരുരാജ്യം ഒരുറേഷൻകാർഡ് പദ്ധതിപ്രകാരം രാജ്യത്തെവിടെനിന്നും റേഷൻ വാങ്ങാം. 1,000 സർക്കാർ പദ്ധതികൾ എളുപ്പത്തിൽ പ്രയോജ നപ്പെടുത്താം.

ബാങ്ക് അക്കൗണ്ട് തുടങ്ങാനും സിം കാർഡ് ലഭിക്കാനും എളുപ്പം. വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ എളുപ്പത്തിൽ കിട്ടും. വായ്പയപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ബാങ്കുകൾക്കു കഴിയും. ഐ.ടി. റിട്ടേണുകൾ എളുപ്പത്തിൽ ഇ-വെരിഫൈ ചെയ്യാം.

തിരിച്ചറിയൽ രേഖയും മേൽവിലാസത്തിന്റെ തെളിവും അനുസരിച്ച് എൻ‌റോൾമെന്റ് ഫോറം പൂരിപ്പിക്കുക, അപേക്ഷ സമർപ്പിക്കുംമുമ്പ് വിവരങ്ങൾ സ്വയംപരിശോധിക്കുക. ഫീസായി 50 രൂപ നൽകണം.

രസീതു സൂക്ഷിക്കുക. വിവരങ്ങൾക്ക് 1947 എന്ന നമ്പറിൽ വിളിക്കുകയോ help@uidai.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയോ ചെയ്യാം.

*ഓൺലൈൻ വഴി പുതുക്കുന്നതിന്*

▪️myaadhar.uidai.gov.in എന്ന വെബ്‌സൈറ്റിൽ ആധാർനമ്പറും ഒ.ടി.പി.യും സഹിതം ലോഗിൻ ചെയ്യുക.

▪️തിരിച്ചറിയൽ രേഖയും വിലാസത്തിന്റെ തെളിവും അപ്‌ലോഡ് ചെയ്യുക.

▪️പേര്, ജനനത്തീയതി, ലിംഗം, വിലാസം എന്നിവ അപ്‌ലോഡ് ചെയ്യുന്ന രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.

▪️ഓൺലൈനായി 25 രൂപ ഫീസടയ്ക്കണം.

▪️സബ്മിറ്റ് ചെയ്യുംമുമ്പ് നൽകിയ വിവരങ്ങൾ വീണ്ടും പരിശോധിക്കുക. അപേക്ഷയുടെ നില പരിശോധിക്കാൻ യു.ആർ.എൻ. നമ്പർ രസീത് ഡൗൺലോഡ് ചെയ്തുസൂക്ഷിക്കണം.

spot_img

Related Articles

Latest news