ലക്നൗ: കോവിഡ് ബാധിച്ച ഭാര്യയ്ക്ക് ചികിൽസ ഒരുക്കാൻ ആശുപത്രിയിൽ ഇടം കിട്ടാതെ വലഞ്ഞ് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. ഫിറോസബാദ് ജില്ലയിലെ ജസ്റാനയിൽനിന്നുള്ള എംഎൽഎ ആയ രാംഗോപാൽ ലോധിയാണു ഭാര്യയ്ക്ക് ഒരു കിടക്ക കിട്ടാൻ വേണ്ടി മണിക്കൂറുകളോളം അലഞ്ഞത്.
കോവിഡ് ബാധിച്ച സമയത്ത് ഫിറോസാബാദിലെ ആശുപത്രിയിലായിരുന്നു എംഎൽഎയുടെ ഭാര്യ സന്ധ്യ. എന്നാൽ പിന്നീട് ആഗ്രയിലെ കോവിഡ് ആശുപത്രിയിലേക്കു െകാണ്ടുപോയി. ഈ സമയം എംഎൽഎ മറ്റൊരു ആശുപത്രിയിൽ ചികിൽസയിലായിരുന്നു. എന്നാൽ ആഗ്രയിലെത്തിയപ്പോൾ കിടക്ക ഇല്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതർ എംഎൽഎയുടെ ഭാര്യയെ മടക്കി.
മണിക്കൂറുകൾക്കുശേഷം വിഷയം ശ്രദ്ധയിൽപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് 24 മണിക്കൂറിനു ശേഷമാണ് ഭാര്യയുടെ ആരോഗ്യനിലയെപ്പറ്റി താൻ അറിയുന്നതെന്ന് എംഎൽഎ തന്നെ വെളിപ്പെടുത്തുന്നു. ഒരു എംഎൽഎ ആയിട്ടും തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. അപ്പോൾ സാധാരണക്കാരുടെ നില എത്ര മോശമായിരിക്കുമെന്ന് അദ്ദേഹം തന്നെ മാധ്യമങ്ങളോടു വ്യക്തമാക്കി.