വ്യവസായത്തിനൊപ്പം കാര്‍ഷിക ഐടി ടൂറിസം‍ മേഖലകള്‍ക്ക് പ്രാധാന്യമുള്ള വികസന നയം

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വ്യവസായ മേഖലയ്‌ക്കൊപ്പം കാര്‍ഷിക മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന വികസന നയം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും.ഐടി, ടൂറിസം മേഖലകളെയും ഈ നയത്തിന്റെ ഭാഗമാക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു.

വ്യവസായ മേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെ മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതിനെത്തുടര്‍ന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതിരുന്ന മാറ്റങ്ങളാണ് വ്യവസായമേഖലയില്‍ യാഥാര്‍ത്ഥ്യമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് സമ്ബൂര്‍ണ്ണ നിക്ഷേപസൗഹൃദ സംസ്ഥാനമാണ് കേരളം. നിതി ആയോഗിന്റെ പുതിയ ഇന്ത്യ ഇന്നൊവേഷന്‍ സൂചിക പ്രകാരം ഏറ്റവും അനുകൂലമായ ബിസിനസ് സാഹചര്യമുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതാണ്.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് പരിഷ്‌കാരങ്ങള്‍ 2020 ഡിസംബര്‍ 31 ന് മുന്‍പ് നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനു കീഴിലെ പൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ഡിപ്പാര്‍ട്‌മെന്റ് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. കേരളം കഴിഞ്ഞ ഡിസംബര്‍ 16 ന് തന്നെ, നടപടികള്‍ പൂര്‍ത്തീകരിച്ചു. അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കാല്‍ ശതമാനം പൊതുവായ്പ എടുക്കാന്‍ കേരളത്തിന് അനുമതി ലഭിച്ചു. ഇത് ഏകദേശം 2370 കോടി രൂപയോളം വരുമെന്ന് മന്ത്രി അറിയിച്ചു.

ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് നടപ്പാക്കുന്ന ക്ലസ്റ്റര്‍ വികസന പദ്ധതി സജീവമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ന്റെ ചില ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ നിലനില്‍ക്കുന്ന പ്രത്യേക വ്യവസായങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 15 ക്ലസ്റ്ററുകളില്‍ കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 12 എണ്ണം ഉദ്ഘാടനം ചെയ്തു. ശേഷിക്കുന്ന മൂന്ന് പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്റെ വിവധ ഘട്ടങ്ങളിലാണ്.

സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളില്‍ 15 ഏക്കറും ഗ്രാമങ്ങളില്‍ 25 ഏക്കറും വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഭൂമിയുള്ളവര്‍ക്ക് പാര്‍ക്ക് തുടങ്ങാം. കിന്‍ഫ്രയെയാണ് അനുമതിക്കായി സമീപിക്കേണ്ടത്. സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഈ പാര്‍ക്കുകള്‍ക്കും ലഭിക്കും. വൈദ്യുതി, വെള്ളം അടക്കമുള്ള അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കാനും മറ്റുമായി 5 കോടി രൂപ വരെ സര്‍ക്കാര്‍ മുതല്‍മുടക്കും.

കൊവിഡ് പ്രതിസന്ധി തുടരുന്നെങ്കിലും അതിനെ അതിജീവിച്ച്‌ മുന്നോട്ടുപോകാന്‍ പൊതുമേഖല കരുത്ത് നേടി. അവശ്യമരുന്നുകളും ഹാന്‍ഡ് സാനിറ്റൈസറും നിര്‍മ്മിച്ച്‌ കൊവിഡ് പ്രതിരോധത്തില്‍ ശക്തമായ പിന്തുണ നല്‍കാന്‍ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് കഴിഞ്ഞു. കുത്തിവെപ്പ് മരുന്നുകള്‍ക്കുള്ള പ്ലാന്റിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. കാന്‍സര്‍ മരുന്ന് നിര്‍മ്മാണവും ഉടന്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

നവീകരണവും വൈവിധ്യവല്‍ക്കരണവുമടക്കമുള്ള മാറ്റങ്ങള്‍ നടപ്പാക്കി പൊതുമേഖലയുടെ തിരിച്ചുവരവിന് സര്‍ക്കാര്‍ വഴിയൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരള ഓട്ടോമൊബീല്‍സ് വൈദ്യുതി ഓട്ടോകള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങി. എട്ടോളം നെയ്ത്തുമില്ലുകള്‍ ലാഭത്തിലായി. കെല്‍ട്രോണ്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡ്, ഓട്ടോകാസ്റ്റ്, ട്രാവന്‍കൂര്‍ സിമന്റ്‌സ്, കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, മലബാര്‍ സിമന്റ്‌സ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് എന്നിവയെല്ലാം തിരിച്ചുവരവിന്റെ പാതയിലായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ ഗ്രേ സിമന്റ് ഉല്‍പാദന യൂണിറ്റും വൈദ്യുതി കോണ്‍ക്രീറ്റ് പോസ്റ്റ് നിര്‍മ്മാണ യൂണിറ്റും തുടങ്ങുകയാണ്. ടി സി എല്‍ പിന്തുണയോടെ, വനിതാ സംരംഭകര്‍ക്ക് വാള്‍പ്പുട്ടി നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ആദ്യഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ 24,000 തൊഴില്‍ ആയിരുന്നു ലക്ഷ്യമിട്ടത്, എന്നാല്‍, 28,946 പേര്‍ക്ക് തൊഴില്‍ ലഭ്യമായി. രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിട്ടത് 20000 തൊഴിലവസരങ്ങളാണ്. ഈ മാസം 9 വരെ 17,580 തൊഴില്‍ ലഭ്യമാക്കി. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ആദ്യഘട്ടത്തില്‍ 841 പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ 147 പേര്‍ക്കും തൊഴില്‍ നല്‍കി.

ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങളുടെ മേഖലയിലാണ് വന്‍ കുതിച്ചുചാട്ടമുണ്ടായത്. 100 കോടി വരെ മുതല്‍മുടക്കുള്ള ഇത്തരം സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നു വന്നതാണ് പ്രധാന കാരണം. ഇത് പ്രകാരം ഇതിനകം 8660 വ്യവസായങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതടക്കമുള്ള നടപടികള്‍ വഴി ഈ മേഖലയില്‍ കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ 6082 കോടി നിക്ഷേപവും 2.29 ലക്ഷം തൊഴിലവസരങ്ങളും ലഭ്യമാക്കി 64879 യീണിറ്റുകളാണ് ആരംഭിച്ചത്.

കിന്‍ഫ്രയുടെയും കെ എസ് ഐ ഡി സിയുടെയും മേല്‍നോട്ടത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനാലോളം വ്യവസായ പാര്‍ക്കുകള്‍ ഒരുങ്ങുകയാണ്. പാലക്കാട് മെഗാ ഫുഡ് പാര്‍ക്കും ലെറ്റ് എഞ്ചിനിയറിങ്ങ് പാര്‍ക്ക് രണ്ടാം ഘട്ടവും പ്രവര്‍ത്തനം തുടങ്ങി. ഡിഫന്‍സ് പാര്‍ക്ക്, ചേര്‍ത്തല ഫുഡ്പാര്‍ക്ക് എന്നിവ പുര്‍ത്തിയായി. കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിനും തൊടുപുഴയിലെ മുട്ടത്ത് സ്‌പൈസസ് പാര്‍ക്കിനും ശിലയിട്ടു. ലൈഫ് സയന്‍സ് പാര്‍ക്ക്, കെല്‍പാം റൈസ് പാര്‍ക്ക് നിര്‍മ്മാണം പുരോഗമിക്കുന്നു. കുട്ടനാട് റൈസ് പാര്‍ക്കിന് ഉടന്‍ ശിലയിടും.

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി സജീവമാകുന്നതോടെ ചെറുകിട വ്യവസായ മേഖലയ്ക്ക് വലിയ കുതിപ്പ് സാധ്യമാകും. വ്യവസായ ഇടനാഴിക്കായി 1878 ഏക്കര്‍ പാലക്കാടും 500 ഏക്കര്‍ എറണാകുളത്തും ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. കിന്‍ഫ്രയ്ക്കാണ് നിര്‍വഹണ ചുമതല. പദ്ധതിയുടെ ഭാഗമായ കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) തുടങ്ങാന്‍ നടപടി ആരംഭിച്ചു. കണ്ണമ്ബ്രയില്‍ സ്ഥലം ഏറ്റെടുക്കാന്‍ കിഫ്ബി 346 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ജയരാജന്‍ പറഞ്ഞു.

spot_img

Related Articles

Latest news