പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം തരം വിദ്യാർഥിയും സീഡ് ക്ലബ്ബ് അംഗവും സ്റ്റുഡൻ്റ് പോലീസ് കാഡറ്റുമായ മുഹമ്മദ് താജു അൽതാഫ് സ്വന്തം പരിശ്രമത്തിലൂടെ ചെയ്യുന്ന കാർഷിക പ്രവർത്തനങ്ങൾ പൊതുജന ശ്രദ്ധ നേടുന്നു. ടെറസ്സിന് മുകളിൽ ചാക്കുകളിൽ വിവിധയിനം പച്ചക്കറികൾ വിളയിച്ചും മീൻ വളർത്തിയുമാണ് വിസ്മയമാകുന്നത്.
ആരുടെയും സഹായമില്ലാതെയാണ് ചാക്കിൽ നിറയ്ക്കാനുള്ള മണ്ണ് ടെറസിനു മുകളിൽ എത്തിച്ചത്. നട്ടുവളർത്തലും നനയ്ക്കലും പരിപാലിക്കലുമെല്ലാം അൽതാഫ് ചെയ്യുന്നു. തക്കാളി, കാബേജ്, കാരറ്റ്, പച്ചമുളക്, കസ്സ്, ബ്രോക്കോളി എന്നിവയാണ് വളർത്തി വിളവെടുക്കുന്നത്.
സ്വപ്രയത്നത്തിലൂടെ നാലര മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ഒരു മീറ്റർ ആഴവുമുള്ള കുഴിയെടുത്താണ് മത്സ്യം വളർത്തൽ. കാർപ്പ്, തീലോപ്പിയ എന്നിവയെയാണ് കുളത്തിൽ വളർത്തുന്നത്. കോഴിക്കോട് ഉണ്ണികുളം കല്ലു വീട്ടിൽ അബ്ദുൽ റഫീഖ്, സുരയ്യ ദമ്പതികളുടെ മകനാണ് മുഹമ്മദ് താജു അൽതാഫ്.