കെവി തോമസിനെതിരെ നടപടി? എഐസിസി അച്ചടക്ക സമിതി ചേരുന്നു

വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. എകെ ആന്‍റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാകും നടപടി തീരുമാനിക്കുക. തോമസിനോട് വിശദീകരണം തേടിയ ശേഷമാകും തുടര്‍ നടപടി.

കെവി തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസിയുടെ നിർദേശം. തോമസ് അച്ചടക്കം ലംഘിച്ചു എന്ന് കാട്ടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.

രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് തോമസ് കാണിച്ചത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് മുന്‍ധാരണ പ്രകാരമുള്ള തിരക്കഥയാണ്. പ്രവർത്തകരുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തിയെന്നും സുധാകരൻ കത്തിൽ പറഞ്ഞിരുന്നു.

തോമസിന് സ്ഥാനമാനങ്ങൾ നൽകിയതിൽ സഹതപിക്കുന്നു. സ്വന്തം നാട്ടുകാരും അച്യുതാനന്ദനുമാണ് അദ്ദേഹത്തെ തിരുത തോമയെന്ന് വിളിച്ചത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്‍റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുൻനിലപാട്.

spot_img

Related Articles

Latest news