ബാലുശേരി : സംസ്ഥാനത്ത് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെടുകയും സംസ്ഥാന സർക്കാർ നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്തതോടെ കിനാലൂരിൽ പ്രതീക്ഷയുടെ ചിറകടി. കിനാലൂരിൽ കണ്ടെത്തിയ ഭൂമി സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറാൻ വ്യവസായ വകുപ്പ് ഉത്തരവിട്ടതോടെ നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 153.46 ഏക്കറാണ് ആരോഗ്യ വകുപ്പിന് കൈമാറുന്നത്.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പദ്ധതി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും എയിംസ് സംസ്ഥാനത്തിനനുവദിച്ചാൽ മുഖ്യ പരിഗണന നൽകുന്ന സ്ഥലമെന്ന നിലയിൽ കിനാലൂരിൽ സർവേ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കിയിരുന്നു. എയിംസ് തുടങ്ങാൻ 200 ഏക്കർ സ്ഥലമാണ് ആവശ്യം. ഇതിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാനാവുമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലത്തിനു പുറമെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഏറ്റെടുക്കുന്നുണ്ട്.