ന്യൂഡല്‍ഹി: ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിൻറെ പരിശോധന പൂർത്തിയാക്കിയതായും ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യ.ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. ഇതിലാണ് എയർ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന് പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
271 പേർക്ക് ജീവൻ നഷ്ടമായ ജൂണ്‍ 12-ലെ ബോയിങ് ഡ്രീംലൈനർ 787 വിമാനാപകടം നടന്ന് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു പരിശോധന. അപകടത്തിനു പിന്നാലെ പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടില്‍ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ (ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച്) കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യ സ്വമേധയാ മുൻകരുതല്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച് അബദ്ധത്തില്‍ കട്ട് ഓഫ് പൊസിഷനിലാകാൻ സാധ്യതയില്ലെന്ന് ഉറപ്പിക്കുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമായിരുന്നു. ഇതോടെ ജൂണ്‍ 14-ന് ഡിജിസിഎ, ജൂലായ് 21-നകം ചില വിമാന മോഡലുകളിലെ ഇന്ധന സ്വിച്ചുകളുടെ പരിശോധന നടത്തണമെന്ന് എയർ ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നു.
എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും ഡിജിസിഎ നിർദേശം പാലിച്ചിട്ടുണ്ടെന്ന് ടാറ്റ ഉടമസ്ഥതയിലുള്ള എയർലൈൻ വ്യക്തമാക്കി. ‘പരിശോധനകളില്‍, മേല്‍പ്പറഞ്ഞ ലോക്കിങ് സംവിധാനത്തില്‍ ഒരു പ്രശ്നവും കണ്ടെത്തിയില്ല. ജൂലൈ 12-ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകള്‍ ആരംഭിക്കുകയും ഡിജിസിഎ നിശ്ചയിച്ച നിശ്ചിത സമയപരിധിക്കുള്ളില്‍ അവ പൂർത്തിയാക്കുകയും ചെയ്തു. ഇത് റെഗുലേറ്ററെ അറിയിച്ചിട്ടുണ്ട്’, അവർ പ്രസ്താവനയില്‍ പറഞ്ഞു.
ബോയിങ് വിമാനങ്ങളിലെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനം സുരക്ഷിതമാണെന്ന് യുഎസ് റെഗുലേറ്ററായ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്‌എഎ), ബോയിങ്ങും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എൻജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നും കണ്ടെത്തിയിരുന്നു. ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കന്നതിന്റെയും ശബ്ദരേഖയും പുറത്തുവന്നിരുന്നു. സ്വിച്ചുകള്‍ ഓഫായിരുന്നത് മനസ്സിലാക്കി പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും എൻജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകർന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാൻ വിശദമായ അന്വേഷണം വേണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടില്‍ നിർദേശിക്കുന്നുണ്ട്.