എയര്‍ ഇന്ത്യയെ വ്യാഴാഴ്ച ടാറ്റയ്ക്ക് കൈമാറും

വിറ്റത് 2.8 കോടിക്ക്, തിരിച്ചു പിടിച്ചത് 18000 കോടിക്ക്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ വ്യാഴാഴ്ച ടാറ്റ ഗ്രൂപ്പിന് കൈമാറും. ഇതോടെ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സര്‍വീസായി മാറും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകള്‍ ടാറ്റയുടെതാകും. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളുടെ മുഴുവന്‍ ഓഹരിയും എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗമായ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റയ്ക്ക് ലഭിക്കുക. കമ്പനിയുടെ അന്തിമ വരവ് ചെലവ് കണക്ക് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറി.

കനത്ത കടബാധ്യത ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയെ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പലതവണ നടത്തിയ ശ്രമത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ലേലത്തിനെടുത്തത്. എയര്‍ ഇന്ത്യയുടെ ആകെ കടത്തില്‍ 15300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസര്‍ക്കാരിന് പണമായി കൈമാറും.

ജെആര്‍ഡി ടാറ്റ തുടക്കത്തില്‍ ടാറ്റ എയര്‍ സര്‍വീസസ് എന്നും പിന്നീട് ടാറ്റ എയര്‍ലൈന്‍സ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സര്‍വീസ് 1953ലാണ് ദേശസാത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്.

2007ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചു. ഇതുവരൊയി എഴുപതിനായിരം കോടിയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത് 2017ലായിരുന്നു. 69 വര്‍ഷത്തിനു ശേഷമാണിപ്പോള്‍ എയര്‍ ഇന്ത്യയുടെ കോക്പിറ്റിലേക്ക് ടാറ്റാ ഗ്രൂപ്പ് മടങ്ങിയെത്തുന്നത്.

ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ഉടമസ്ഥാനവകാശം ലഭിച്ച ഉടന്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി പ്രവര്‍ത്തന സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതി ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.

അതിനിടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിയെന്ന് ആരോപിച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍ രംഗത്തുവന്നു. എയര്‍ ഇന്ത്യക്കെതിരേ നിയമനപടി സ്വീകരിക്കാനും ഒരുവിഭാഗം ജീവനക്കാര്‍ ആലോചിക്കുന്നുണ്ട്.

spot_img

Related Articles

Latest news