ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാകെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് 38 മണിക്കൂറുകള്‍ക്ക് ശേഷം എയർ ഇന്ത്യയുടെ മറ്റൊരു വിമാനവും അപകടത്തിന്റെ വക്കിലെത്തിയതായി റിപ്പോർട്ട്.ഡല്‍ഹിയില്‍ നിന്ന് വിയന്നയിലേക്ക് പറന്നുയർന്ന ബോയിംഗ് 777 വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ മർദം നഷ്ടപ്പെട്ട് 900 അടിയോളം താഴ്ന്നത്.
ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ജൂണ്‍ 14ന് പുലർച്ചെ 2.56നാണ് സംഭവം നടന്നത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് മർദം നഷ്ടപ്പെടുന്നതായി കണ്ടെത്തുകയായിരുന്നു. ഉടനടി അപകട മുന്നറിയിപ്പ് പെെലറ്റിന് കെെമാറി. നിമിഷങ്ങള്‍ക്കൊടുവില്‍ അപകടമൊഴിയുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
ഒരു തവണ സ്റ്റാള്‍ വാണിംഗും രണ്ടുതവണ ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിംഗും ലഭിച്ചെന്നും അപകട മുന്നറിയിപ്പ് ലഭിച്ചതോടെ പെെലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി യാത്ര തുടർന്നെന്നും റിപ്പോർട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് ഏകദേശം ഒമ്പത് മണിക്കൂർ എട്ടുമിനിറ്റ് പറന്ന് വിയന്നയില്‍ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ജൂണ്‍ 23ന് വ്യോമയാന നിരീക്ഷണ സമിതി ഗുരുഗ്രാമിലെ എയർ ഇന്ത്യ ഓഫീസില്‍ നടത്തിയ ഓഡിറ്റിംഗിലാണ് ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
വിമാനം നിയന്ത്രണാതീതമായി കുലുങ്ങിയെന്നും പറക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് നിമിഷങ്ങള്‍ കൊണ്ട് മാറിയെന്നും 900 അടിയിലേക്ക് താഴ്ന്നെന്നും അധികൃതർ കണ്ടെത്തി. എന്നാല്‍ ടേക്ക് ഓഫിന് പിന്നാലെയുണ്ടായ കുലുക്കമായിരുന്നുവെന്ന് മാത്രമാണ് പെെലറ്റുമാരുടെ പ്രാഥമിക റിപ്പോർട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ സ്റ്റിക് ഷേക്കർ മുന്നറിയിപ്പിനെക്കുറിച്ച് മാത്രമാണ് പരാമർശിക്കുന്നത്. എന്നാല്‍ ഫ്ലെെറ്റ് ഡാറ്റ റെക്കോർഡർ കൃത്യമായി പരിശോധിച്ചതോടെയാണ് നടന്ന സംഭവത്തിന്റെ തീവ്രത വ്യക്തമായത്. പെെലറ്റുമാരും സുരക്ഷാവിഭാഗവും വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഇതിന് പിന്നാലെ പെെലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി.