സൗദിയിൽ നാളെ പുലർച്ചെ ഒന്നു മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനാരംഭിക്കാനിരിക്കെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ. കഴിഞ്ഞ വർഷം മാർച്ചിൽ അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെക്കുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ നിരക്കുകളെ അപേക്ഷിച്ച് ഇപ്പോൾ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ 108 ശതമാനം വരെ ഉയർന്നിട്ടുണ്ട്.
മെയ് 17 മുതൽ 30 വരെയുള്ള സർവീസുകളിൽ വിവിധ വിമാന കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഇക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. പൊതുവിൽ എല്ലാ നഗരങ്ങളിലേക്കുമുള്ള സർവീസുകളിൽ ടിക്കറ്റ് നിരക്കുകൾ മുഴുവൻ വിമാന കമ്പനികളും ഉയർത്തിയിട്ടുണ്ട്.
ദമാമിൽനിന്ന് ബെയ്‌റൂത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 850 റിയാലിൽനിന്ന് 1,769 വരെയായി ഉയർത്തിയിട്ടുണ്ട്. നിലവിൽ ബെയ്‌റൂത്ത് സെക്ടറിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണിത്. ഇതേ സെക്ടറിൽ 4,246 റിയാൽ വരെ നിരക്കുള്ള ടിക്കറ്റുകൾ വ്യത്യസ്ത കമ്പനികളിൽ ലഭ്യമാണ്.
ദമാം-ബെയ്‌റൂത്ത് ടിക്കറ്റ് നിരക്ക് 108 ശതമാനം വരെയാണ് ഉയർന്നിരിക്കുന്നത്. സൗദിയ 1,769 റിയാൽ മുതൽ 4,235 റിയാൽ വരെയും ഈജിപ്ത് എയർ 1,810 റിയാൽ മുതൽ 1,902 റിയാൽ വരെയും മിഡിൽ ഈസ്റ്റ് എയർലൈൻസ് 2,069 റിയാൽ മുതൽ 4,115 റിയാൽ വരെയും ഫ്‌ളൈ ദുബായ് 2,210 റിയാൽ മുതൽ 4,246 റിയാൽ വരെയും വിലയുള്ള ടിക്കറ്റുകളാണ് നൽകുന്നത്.
വിയന്നയിലേക്ക് കഴിഞ്ഞ വർഷം 1,400 റിയാലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. ഇത് ഇപ്പോൾ 2,800 റിയാലായി ഉയർന്നിട്ടുണ്ട്. 8,471 റിയാൽ വരെയുള്ള ടിക്കറ്റുകളും ഈ സെക്ടറിൽ വിവിധ കമ്പനികൾ വിൽക്കുന്നുണ്ട്.
ദമാം-വിയന്ന സെക്ടറിൽ ഖത്തർ എയർവെയ്‌സ് 2,800 റിയാൽ മുതൽ 5,153 റിയാൽ വരെയും ഫ്‌ളൈ ദുബായ് 2,936 റിയാൽ മുതൽ 2,727 റിയാൽ വരെയും എമിറേറ്റ്‌സ് 4,547 റിയാൽ മുതൽ 5,510 റിയാൽ വരെയും സൗദിയ 7,453 റിയാൽ മുതൽ 8,471 റിയാൽ വരെയുമുള്ള ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നു.
പാരീസിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,500 റിയാലിൽനിന്ന് 2,485 റിയാൽ വരെയായി ഉയർന്നിട്ടുണ്ട്. ഈ സെക്ടറിൽ 13,446 റിയാൽ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്.
ദമാം-പാരീസ് സെക്ടറിൽ ഫ്‌ളൈ ദുബായ് 2,485 റിയാൽ മുതൽ 5,473 റിയാൽ വരെയും ഖത്തർ എയർവെയ്‌സ് 2,742 റിയാൽ മുതൽ 4,636 റിയാൽ വരെയും മിഡിൽ ഈസ്റ്റ് എയർലൈൻസ് 3,354 റിയാൽ മുതൽ 4,607 റിയാൽ വരെയും ഈജിപ്ത് എയർ 3,458 റിയാൽ മുതൽ 13,124 റിയാൽ വരെയും സൗദിയ 13,127 റിയാൽ മുതൽ 13,446 റിയാൽ വരെയുമുള്ള ടിക്കറ്റുകൾ ഓഫർ ചെയ്യുന്നു.
ജോർജിയയുടെ തലസ്ഥാനമായ തിബ്‌ലിസിയിലേക്കുള്ള ടിക്കറ്റ് 1,200 റിയാലിൽ നിന്ന് 1,866 റിയാലായി ഉയർന്നിട്ടുണ്ട്. ഈ സെക്ടറിൽ 4,610 റിയാൽ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്. കുലാലംപുർ ടിക്കറ്റുകൾക്ക് 2,714 റിയാൽ മുതൽ 25,164 വരെയുള്ള നിരക്കുകളാണ് കമ്പനികൾ ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഈ സെക്ടറിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,800 റിയാലായിരുന്നു.
ഏതൻസിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,500 റിയാലിൽ നിന്ന് 2,044 റിയാലായി മാറിയിട്ടുണ്ട്. ഈ സെക്ടറിൽ 31,866 റിയാൽ വരെയുള്ള ടിക്കറ്റ് ലഭ്യമാണ്.
മാൽദ്വീവ്സിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,000 റിയാലിൽ നിന്ന് 2,736 റിയാലായി ഉയർന്നു. ഈ സെക്ടറിൽ വിവിധ കമ്പനികളിൽ 9,650 റിയാൽ വരെയുള്ള ടിക്കറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,900 റിയാലിൽനിന്ന് 3,748 റിയാലായാണ് ഉയർന്നിരിക്കുന്നത്.
ദമാമിൽനിന്ന് 12,924 റിയാൽ വിലയുള്ള ടിക്കറ്റും ന്യൂയോർക്കിലേക്ക് ലഭ്യമാണ്. കയ്‌റോയിലേക്കുള്ള ടിക്കറ്റ് നിരക്ക് 850 റിയാലിൽനിന്ന് 4,923 റിയാൽ വരെയായാണ് ഉയർന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്