റിയാദ്: വിദേശരാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്ന യാത്രക്കാർ എയർപോർട്ടുകളിൽ നിർബന്ധിത പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം പിൻവലിക്കുകയോ, സൗജന്യമാക്കുകയോ വേണമെന്ന് ലോക കേരളാ സഭാംഗവും സൗദിയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഇബ്രാഹിം സുബ്ഹാൻ. കോവിഡ് ഗൾഫ് തൊഴിൽ വിപണിയിൽ ഉണ്ടാക്കിയ പ്രതിസന്ധികൾ കാരണമാണ് പലരും സകുടുംബം ജന്മ നാട്ടിലേക്ക് യാത്ര തിരിച്ചത്. ഇവരിൽ തൊഴിൽ നഷ്ടപ്പെട്ട നിരവധി പേരുണ്ട്. ഇന്ത്യയിലെ എയർപോർട്ടിൽ ഇറങ്ങിയ യാത്രക്കാർ മൂന്നോ നാലോ മണിക്കൂർ പിന്നിട്ട യാത്രക്ക് ശേഷം കോവിഡ് ടെസ്റ്റ് നടത്തണം പുറത്തിറങ്ങാൻ എന്ന നിയമം മനുഷ്യാവകാശ ലംഘാനമാണ്.
യാത്രക്ക് 72 മണിക്കൂർ മുൻപ് പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര നിർദ്ദേശം നിലനിൽക്കെയാണ് പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പുതിയ നിർദ്ദേശം.
കുടുംബസമേതം നാട്ടിൽ എത്തുന്ന പ്രവാസികൾക്കാണ് ഈ പുതിയ ഉത്തരവ് മൂലം ഏറെ സാമ്പത്തിക ചെലവ് വരുന്നത്.ഏകദേശം 1800 രൂപയാണ് ഈടാക്കുന്നത്.. അഞ്ചും ആറും പേരുള്ള കുടുംബം ഇതിന്റെ പേരിൽ അനുഭവിക്കുന്ന പ്രയാസം ചെറുതല്ല.
വിദേശത്തുള്ള മിക്ക എയർപ്പോർട്ടുകളിലും പി.സി.ആർ ടെസ്റ്റ് സൗജന്യമാണെന്നിരിക്കെ നാട്ടിൽ എത്തുന്ന പ്രവാസികൾ സ്വമേധയാ ചെലവ് വഹിക്കണമെന്ന് പറയുന്നത് ശരിയല്ല.
പ്രവാസികൾ അത്യന്തം സാമ്പത്തിക പ്രയാസം നേരിടുന്ന സാഹചര്യം പരിഗണിച്ച് യാത്രാരംഭത്തിൽ ചെയ്ത ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി ഇന്ത്യൻ എയർപ്പോർട്ടുകളിലെ പി.സി.ആർ ടെസ്റ്റ് ഒഴിവാക്കുകയോ, അതല്ലെങ്കിൽ സൗജന്യമായി ടെസ്റ്റ് നടത്തുന്നതിനോ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് പ്രവാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും എയർ ഇന്ത്യയെ കുറ്റപ്പെടുത്തി മൗനം പാലിക്കുകയാണ് കേന്ദ്ര സർക്കാർ. നോർക്ക, റൂട്സ് എന്നീ പ്രവാസി ഏജൻസികൾ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം.
കോവിഡ് ദുരിതങ്ങൾ കാരണം എല്ലാം ഉപേക്ഷിച്ചു നാട് പിടിക്കുന്നവരെ പകൽ കൊള്ള നടത്തുന്ന നിയമം ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറാവണം.