റിയാദ്: മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ. ബാലൻ നടത്തിയ വർഗീയ പരാമർശം കേരളത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യത്തെ പരസ്യമായി അപമാനിക്കുന്നതും സമൂഹത്തിൽ വിഷം ചീറ്റുന്നതുമായ ഗുരുതര രാഷ്ട്രീയ കുറ്റമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായ ഭാഷയിൽ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.
മതനിരപേക്ഷത പ്രസംഗിക്കുന്ന സി.പി.എം നേതാക്കളുടെ ഇരട്ടത്താപ്പിന്റെ നഗ്നമായ ഉദാഹരണമാണ് എ.കെ. ബാലന്റെ പരാമർശം. അധികാര രാഷ്ട്രീയ താൽപര്യങ്ങൾക്കായി സമൂഹത്തെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്ന സി.പി.എം നിലപാട് അപകടകരവും ജനാധിപത്യ വിരുദ്ധവുമാണ്. കേരളം വർഷങ്ങളായി കാത്തുസൂക്ഷിച്ചിരുന്ന മതസൗഹാർദ്ദവും സാമൂഹിക ഐക്യവും തകർക്കാനുള്ള ശ്രമമായി മാത്രമേ ഈ പരാമർശത്തെ കാണാനാകൂ.
ഒരു മുൻ മന്ത്രിയും മുതിർന്ന നേതാവുമായ വ്യക്തിയിൽ നിന്നുണ്ടായ ഈ വർഗീയ പരാമർശം ഒറ്റപ്പെട്ട വാക്കുപിഴയല്ല; മറിച്ച് സി.പി.എം നേതൃത്വം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് ഒ.ഐ.സി.സി കുറ്റപ്പെടുത്തുന്നു.
ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ ഭിന്നതയും വൈരാഗ്യവും സൃഷ്ടിച്ച് സംസ്ഥാനത്തെ അപകടകരമായ വഴിയിലേക്ക് നയിക്കും.
എ.കെ. ബാലൻ തന്റെ വർഗീയ പരാമർശത്തിൽ കേരള ജനതയോട് നിരുപാധികം മാപ്പ് പറയണമെന്നും, അദ്ദേഹത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സി.പി.എം നേതൃത്വം തയ്യാറാകണമെന്നും ഒ.ഐ.സി.സി ആവശ്യപ്പെടുന്നു.
വർഗീയതയ്‌ക്കെതിരെ മൗനം പാലിക്കുന്ന സർക്കാർ നിലപാടും അപലപനീയമാണ്.
മതനിരപേക്ഷ ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ, വർഗീയതയ്‌ക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടം തുടരുമെന്ന് ഒ.ഐ.സി.സി മുന്നറിയിപ്പ് നൽകുന്നു. കേരളത്തെ വർഗീയതയുടെ പരീക്ഷണശാലയാക്കാനുള്ള ഏതൊരു ശ്രമവും ജനങ്ങൾ തള്ളിക്കളയുമെന്ന് ഒ.ഐ.സി.സി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

