മുംബൈ: ദാദാസാഹേബ് ഫാല്‍കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തതില്‍ വിമര്‍ശനമുയരുന്നു. ലക്ഷ്മി എന്ന ഹൊറര്‍ കോമഡി ചിത്രത്തിലെ അഭിനയത്തിനായിരുന്നു നടന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത്.
ലോറന്‍സും ശരത് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാഞ്ചന എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ലക്ഷ്മി. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ വേഷത്തില്‍ കൂടി അക്ഷയ് കുമാര്‍ എത്തിയിരുന്നു. ഈ പെര്‍ഫോമന്‍സ് കണക്കിലെടുത്താണ് നടന് പുരസ്‌കാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍
ലക്ഷ്മിയുടെ ഒ.ടി.ടി റിലീസിന് പിന്നാലെ തന്നെ അക്ഷയ് കുമാറിന്റെ അഭിനയവും ചിത്രവും ഏറെ നിലവാരം കുറഞ്ഞതാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. അക്ഷയ് കുമാറിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ലക്ഷ്മിയിലേതെന്നായിരുന്നു ഉയര്‍ന്ന കമന്റുകള്‍.
ഇന്ത്യയിലെ പ്രധാന എന്റര്‍ടെയ്‌മെന്റ് വെബ്‌സൈറ്റായ ഫിലിം കംപാനിയന്‍ 2020ല്‍ ഇറങ്ങിയ ഏറ്റവും മോശം ബോളിവുഡ് ചിത്രമായി തെരഞ്ഞെടുത്തത് ലക്ഷ്മിയായിരുന്നു. പരിപാടിയില്‍ ചിത്രത്തിലെ അക്ഷയ് കുമാറിന്റെ അഭിനയത്തിനെതിരെ ചലച്ചിത്ര നിരൂപക അനുപമ ചോപ്ര രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.
ഈ പ്രകടനം കണ്ട് അക്ഷയ് കുമാറിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയ ജൂറിയാണ് ശരിക്കും നടനെ അപമാനിക്കുന്നതെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ആര്‍ക്കും എന്ത് അവാര്‍ഡും നേടാമെന്നും അടുത്തത് സുരേഷ് ഗോപിക്കോ കൃഷ്ണകുമാറിനോ കൊടുക്കുമായിരിക്കുമെന്നും ചിലര്‍ പറയുന്നു. മികച്ച നായിക കങ്കണയാണോയെന്നും കമന്റുകളില്‍ ചോദ്യമുയരുന്നുണ്ട്.