ആലപ്പുഴ: ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. എടത്വ സ്വദേശി പള്ളിച്ചിറ ആൽവിൻ ജോർജ് (20) ആണ് മരണപ്പെട്ടത്. അപകടത്തിൽ ആൽവിന് തലച്ചോറിനും ആന്തരിക അവയവങ്ങൾക്കും ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് നേരത്തെ മരിച്ചത്.