നെഹ്‌റുവിൻ്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിൽ ആര് മുത്തമിടും? അവസാനഘട്ട തയ്യാറെടുപ്പ്

ആലപ്പുഴ: ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികൾ കാത്തിരുന്ന ദിവസം ആഗതമാവുകയാണ്. അതിനു മുന്നോടിയായുള്ള തീവ്ര പരിശീലനത്തിലാണ് ബോട്ട് ക്ലബ്ബുകൾ. പടക്കളത്തിലേക്ക് ഇറങ്ങാൻ ചുണ്ടനിലെ യോദ്ധാക്കളെ പ്രാപ്തരാക്കുന്നത് ചിട്ടയോടെയുള്ള കഠിനമായ പരിശീലനമാണ്. കരയിലും വെള്ളത്തിലും ഒരേ പോലെ പരിശീലനം വേണ്ട കായിക ഇനമാണെന്നതു കൊണ്ടുതന്നെ അതിനായി പ്രത്യേകം കായിക പരിശീലകനെയും ബോട്ട് ക്ലബുകൾ നിയോഗിച്ചിട്ടുണ്ട്.

തുഴച്ചിലിന്റെ താളം ഹൃദയതാളമാക്കിയാണ് ഓരോ തുഴച്ചിലുകാരനും ചുണ്ടനിലേറുന്നത്. തുഴകളുടെ സമന്വയ ചലനം സ്വായത്തമാക്കാൻ മനസാന്നിധ്യവും വിജയത്തിന് അനിവാര്യമാണ്. ഇത്തവണ ഒൻപത് വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് പുന്നമട കായലിൽ മാറ്റുരക്കുന്നത്. ഇവയിൽ 22 ചുണ്ടൻ വള്ളങ്ങളാകും ആഘോഷങ്ങളുടെ കേന്ദ്ര ബിന്ദു. പല ക്ലബുകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും പരിശീലനത്തെ അവ ബാധിച്ചിട്ടില്ല.

പുന്നമടയുടെ ഓളങ്ങളെ ഭേദിച്ച് കുതിച്ചുപായുന്ന കരിനാഗങ്ങളിൽ ഓരോ തുഴച്ചിലുകാരനും തുഴഞ്ഞു കയറുന്നത് കായികപ്രേമികളുടെ നെഞ്ചകങ്ങളിലേക്കാണ്. കഠിനമായ പരിശീലനത്തിനും വാശിയേറിയ മത്സരത്തിനും ഒടുവിൽ നെഹ്‌റുവിൻ്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിൽ ആര് മുത്തമിടുമെന്ന് കാണാൻ ഇനി സെപ്റ്റംബർ നാലു വരെ കാക്കണം.

spot_img

Related Articles

Latest news