ഗാസയിലേക്ക് ഇസ്രായേല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു. ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന ജലാ ടവര്‍ എന്ന കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടം ആക്രമിക്കുന്നതിന് മുമ്പ് കെട്ടിടമുടമയ്ക്ക് ഇസ്രായേല്‍ സൈന്യത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന് ഒരു മണിക്കൂര്‍ മുമ്പ് തനിക്ക് ഫോണ്‍ കോള്‍ വന്നെന്നും എത്രയും പെട്ടന്ന് കെട്ടിടമൊഴിപ്പിക്കാന്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയെന്നും ജലാ ടവര്‍ ഉടമ ജാവദ് മെഹ്ദി പറഞ്ഞു. എഎഫ്പിക്ക് ലഭിച്ച ശബ്ദ രേഖ പ്രകാരം ഒരു 10 മിനുട്ട് സമയം കൂടി തനിക്ക് അധികം അനുവദിക്കൂ ജേര്‍ണലിസ്റ്റുകള്‍ക്ക് അവരുടെ സാധന സാമഗ്രികള്‍ എടുക്കാനുണ്ട് എന്ന് ഉടമ ഉദ്യോഗസ്ഥനോട് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ അതിന് സമ്മതം മൂളിയില്ല.
അതേസമയം ഇതിനുള്ളില്‍ കെട്ടിടത്തിലുളളവരെ ഒഴിപ്പിക്കാനായതിനാല്‍ ആളപായമില്ല. വിഷയത്തില്‍ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും രൂക്ഷ പ്രതികരണമാണുണ്ടായത്.
‘ ഈ ചാനിലെ നിശബ്ദമാക്കാനാവില്ല. അല്‍ ജസീറ നിശബ്ദമാവില്ല, അല്‍ ജസീറ ആങ്കര്‍ ഹസ്സാ മൊഹ്ദീന്‍ ഇടറിയ വാക്കുകളോടെ പറഞ്ഞു. 11 വര്‍ഷം ജോലി ചെയ്ത ഇടം രണ്ട് നിമിഷം കൊണ്ട് ഇല്ലാതായെന്ന് അല്‍ ജസീറ കറസ്‌പോണ്ടന്റ് സഫദ് അല്‍ കഹ്ലോട് പറഞ്ഞു.’ ഞാന്‍ ഗാസയിലെ ഈ ഓഫീസുകളില്‍ 11 വര്‍ഷമായി ജോലി ചെയ്തതാണ്. ഞാന്‍ നിരവധി ഇവന്റുകള്‍ കവര്‍ ചെയ്തു. ഇപ്പോള്‍ രണ്ട് സൈക്കന്റ് കൊണ്ട് എല്ലാം അപ്രത്യക്ഷമായി,’ അദ്ദേഹം പറഞ്ഞു.
സംഭവം ഞെട്ടിക്കുന്നതാണെന്നും ഇവിടെ തങ്ങളുടെ ബ്യൂറോ പ്രവര്‍ത്തിക്കുന്നതായി ഇസ്രായേലിന് അറിയാമായിരുന്നെന്നും അസോസിയേറ്റഡ് പ്രസ് സിഇഒ ഗാരി പ്രുട് പ്രതികരിച്ചു. എന്തുകൊണ്ടാണ് മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് സൈനികാക്രമണം വന്നതെന്ന് ഇതുവരെ വ്യക്തമല്ല. കെട്ടിടത്തില്‍ മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.