തൃശൂർ: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വിയ്യൂർ ജയിലില്‍ മർദനം.ബിഹാർ സ്വദേശി അസ്‍ഫാക് ആലത്തിനാണ് (30) മർദനമേറ്റത്. ഇന്നലെ സഹതടവുകാരനായ രഹിലാലുമായി അസഫാക് അടിയുണ്ടാക്കി. അസഫാക് ആലത്തിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയശേഷം സെല്ലിലടച്ചു. തലയില്‍ തുന്നലിട്ടു. അസഫാക് ആലത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരുവരെയും ജയില്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയാണ് അസ്‌ഫാക് ആലം. 2023 ജൂലായ് 28നാണ് കുറ്റകൃത്യം നടന്നത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരുന്നു. കേസില്‍ പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ വിചാരണകോടതി വിധിച്ചിരുന്നു.
കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാർക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാൻ കുട്ടി ധരിച്ചിരുന്ന ബനിയൻ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി. പ്രതിയെ അന്ന് തന്നെ പിടികൂടിയിരുന്നു. 50ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം.