അമല്‍ നാലുപേര്‍ക്ക് പുതുജീവനേകി

കൊച്ചി

ഏകമകന്റെ വിയോഗം പകര്‍ന്ന തീരാദുഃഖത്തിലും അവയവദാനത്തിന് സമ്മതം നല്‍കി മാതാപിതാക്കള്‍. തൃശൂര്‍ വല്ലച്ചിറ സ്വദേശി വിനോദിന്റെയും മിനിയുടെയും മകന്‍ അമല്‍ കൃഷ്ണ (17) യാത്രയായത് നാലുപേര്‍ക്ക് പുതുജീവനേകി.

തലവേദനയെയും ഛര്‍ദിയെയും തുടര്‍ന്ന് നവംബര്‍ 17ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അമലിന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അമലിനെ 22-ന് പുലര്‍ച്ചെ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റി. തലച്ചോറിന്റെ ഇടതുഭാഗത്തെ പ്രവര്‍ത്തനം നിലച്ചനിലയിലാണ് ആസ്റ്ററില്‍ എത്തിച്ചത്. 25ന് രാവിലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. പീഡിയാട്രിക് ഐസിയു കണ്‍സള്‍ട്ടന്റ് ഡോ. ആകാന്‍ഷ ജെയിന്‍, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ. ഡേവിഡ്സണ്‍ ദേവസ്യ എന്നിവര്‍ മാതാപിതാക്കളും ബന്ധുക്കളുമായി അവയവദാനത്തെക്കുറിച്ച്‌ സംസാരിച്ചു. തുടര്‍ന്ന് അവര്‍ അമലിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ തയ്യാറാവുകയായിരുന്നു.

കരള്‍, ആസ്റ്റര്‍ മെഡ്സിറ്റിയില്‍ത്തന്നെ ചികിത്സയിലുള്ള കോലഞ്ചേരി സ്വദേശിയായ അറുപത്താറുകാരനിലും ഒരു വൃക്ക എറണാകുളം സ്വദേശിയായ 55 വയസ്സുകാരിക്കും മാറ്റിവച്ചു. മറ്റൊരു വൃക്ക കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും നേത്രപടലം ഗിരിധര്‍ ഐ ഹോസ്പിറ്റലിലേക്കുമാണ് നല്‍കിയത്. നടപടിക്രമങ്ങള്‍ക്കുശേഷം 26-ന് രാവിലെ മൃതദേഹം വിട്ടുനല്‍കി. ചേര്‍പ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു അമല്‍.

ആസ്റ്റര്‍ മെഡ്സിറ്റി ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ്, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി എ കിഷോര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്.

spot_img

Related Articles

Latest news