മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായിരുന്ന സച്ചിന് വാസ് അറസ്റ്റില്‍. എന്‍ ഐ എയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനായി എന്‍ ഐ എയുടെ മുംബൈയിലെ ഓഫീസിലേക്ക് സച്ചിനെ വിളിപ്പിച്ചിരുന്നു. ഏകദേശം 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സ്ഫോടക വസ്തു നിറച്ച വാഹനത്തിന്റെ ഉടമ മനുഷ്ക് ഹിരണിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് ഒരാഴ്ച മുന്‍പ് വാഹനം കാണാതായെന്ന് അദ്ദേഹം പരാതി നല്‍കിയിരുന്നു. കൂടാതെ വാഹനം സച്ചിന് വാസിന് നല്‍കിയിരുന്നുവെന്ന് ഹിരണിന്റെ ഭാര്യയും വെളിപ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചില സംശയങ്ങളെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി എന്‍ഐഎ സച്ചിനെ വിളിച്ചുവരുത്തിയത്. ഹിരണിന്റെ മരണവുമായി സച്ചിനു ബന്ധമുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടിരുന്നു.
2002ലെ ഘാട്കോപ്പര്‍ സ്ഫോടനക്കേസിലെ പ്രതി ഖ്വാജ യൂനുസിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 2007ല്‍ 14 പോലീസുകാര്‍ക്കൊപ്പം സസ്പെന്ഷന് ലഭിച്ചയാളാണ് സച്ചിന്. തുടര്‍ന്ന് അദ്ദേഹം മുംബൈ പോലീസില്‍നിന്നും രാജിവച്ചു.
2020ല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പോലീസുകാരുടെ അപര്യാപ്തത നേരിട്ടതിനെ തുടര്‍ന്ന് സസ്പെന്ഷന് പിന്‍വലിച്ച് സച്ചിനെ തിരിച്ചെടുക്കുകയായിരുന്നു