ന്യൂഡല്‍ഹി: റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ലോകത്തിലെ അതിസമ്പന്ന പട്ടികയില്‍ എട്ടാമതെത്തി. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021 പ്രകാരം അംബാനിയുടെ ആസ്തിയില്‍ ഒരു വര്‍ഷത്തിനിടെ 24 ശതമാനം വര്‍ധനവുണ്ടായി. 6.09 ലക്ഷം കോടി ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. 83 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായത്.
2.34 ലക്ഷം കോടി ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനിയും കുടുംബവും 48ാം സ്ഥാനത്താണ്. 1.94 ലക്ഷം കോടി ഡോളറുമായി ശിവ് നടാറും കുടുംബവും 58ാം സ്ഥാനത്താണ്. ലക്ഷ്മി എന്‍ മിത്തല്‍ 1.40 ലക്ഷം കോടി ഡോളര്‍ ആസ്തിയുമായി 104ാം സ്ഥാനത്താണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാല 113ാം സ്ഥാനത്താണ്. ഇദ്ദേഹത്തിന് 1.35 ലക്ഷം കോടി ഡോളര്‍ ആസ്തിയുണ്ട്.
ഇന്ത്യക്കിപ്പോള്‍ 209 അതിസമ്പന്നരാണ് ഉള്ളത്. ഇതില്‍ 177 പേര് ഇന്ത്യയില്‍ തന്നെയാണ് താമസം. അമേരിക്കയില്‍ 689 പേര് അതിസമ്പന്നരാണ്. അമേരിക്ക പുതുതായി 69 പേരെ പട്ടികയില്‍ ചേര്‍ത്തപ്പോള്‍ ഇന്ത്യയില്‍ നിന്ന് 50 പേര് ഉള്‍പ്പെട്ടു. ജയ് ചൗധരി, വിനോദ് ശാന്തിലാല്‍ അദാനി എന്നിവരുടെ ആസ്തികളില്‍ യഥാക്രമം 271 ശതമാനത്തിന്റെയും 128 ശതമാനത്തിന്റെയും വര്‍ധന രേഖപ്പെടുത്തി. ചൗധരിക്ക് 96000 കോടിയുടെയും വിനോദിന് 72000 കോടിയുടെയും ആസ്തിയാണ് ഉള്ളത്.
ഇലോണ്‍ മസ്ക്കാണ് പട്ടികയില്‍ ഒന്നാമത്. 197 ബില്യണ്‍ ഡോളറാണ് ആസ്തി. 151 ബില്യണ്‍ ഡോളര്‍ ആസ്തി വര്‍ധനയാണ് ഇദ്ദേഹത്തിന് ഒരു വര്‍ഷത്തിനിടെ ഉണ്ടായത്.