റിയാദ്: ബാബാ സാഹിബ് അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ റിയാദില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ബഷീര്‍ ഫതഹുദ്ദീന്‍ (മുറബ്ബ) ഒന്നാം സ്ഥാനം നേടി. യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നെഹല്‍ റയ്യാന്‍ (മലസ്) രണ്ടാം സ്ഥാനവും കാസറഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ഉമര്‍ സഈദ് (സുലൈ) മൂന്നാം സ്ഥാനവും നേടി.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മുഹമ്മദ് ഇബ്രാഹിം, മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഐദിന്‍ എന്‍ ഷരീഫ്, തലശ്ശേരി സ്വദേശിനിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ സുര്‍സി ഷഫീഖ് (ബത്ഹ) എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്കു അര്‍ഹരായി.
അംബേദ്കര്‍ ജന്മദിനത്തില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വിജയികളെ പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രോവിന്‍സ് വൈസ് പ്രസിഡന്റ് അംജദ് അലി അഭിനന്ദിച്ചു. വര്‍ത്തമാനകാല സാഹചര്യത്തില്‍ അംബേദ്കറുടെ ജീവിതവും സന്ദേശവും പുതിയ തലമുറക്ക് കൈമാറുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിക്ക് എം.പി ഷഹ്ദാന്‍, ലബീബ് മാറഞ്ചേരി, അഷ്‌റഫ് കൊടിഞ്ഞി, അജ്മല്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഏപ്രില്‍ 18 വെള്ളി വൈകുന്നേരം 7ന് മലസ് അല്‍മാസ് റെസ്‌റ്റോറന്റില്‍ നടക്കുന്ന അംബേദ്കര്‍ സെമിനാറില്‍ വിജയികള്‍ക്കുള്ള ഉപഹാരം സാമ്മാനിക്കും. ശിഹാബ് കൊട്ടുകാട്, അബ്ദുല്ല വല്ലാഞ്ചിറ, സുധീര്‍ കുമ്മിള്‍, സത്താര്‍ താമരത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, ഡോ. ജയചന്ദ്രന്‍, അഡ്വ. ജമാല്‍ എന്നിവര്‍ സെമിനാറില്‍ സംബന്ധിക്കും.