കോട സൂക്ഷിച്ചത് മൊബൈൽ മോർച്ചറിയിൽ; ആംബുലൻസ് ഉടമ അറസ്റ്റിൽ

നാടൻചാരായം വാറ്റുന്നതിനുള്ള കോട കലക്കി സൂക്ഷിച്ചിരുന്നത് മൊബൈൽ മോർച്ചറിക്കകത്ത്.

അടൂരിലെ ആംബുലൻസിന്റെ ഉടമയും ഡ്രൈവറുമായ കണ്ണംകോട് കൊണ്ടങ്ങാട്ട് താഴേതിൽ പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ (33) വീട്ടിൽ അനധികൃതമായി ചാരായം വാറ്റുന്നതായാണ് ശനിയാഴ്ച അടൂർ ഡിവൈ.എസ്.പി. ബി.വിനോദിന് രഹസ്യവിവരം കിട്ടിയത്. സി.ഐ. ബി.സുനുകുമാർ, വനിതാ എസ്.ഐ. നിത്യാസത്യൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസുകാർ, റസാഖ് താമസിക്കുന്ന കണ്ണംകോട്ടെ വീട്ടിലെത്തി.

തൊട്ടടുത്തുള്ള ഇയാളുടെതന്നെ പഴയ വീട്ടിൽ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, പ്രവീൺ, ജയരാജ് എന്നിവർ വേഷം മാറി വാറ്റുചാരായം വാങ്ങാനും ചെന്നു. ഇവിടെ ആ സമയം ഗ്യാസ് അടുപ്പിൽ ചാരായം വാറ്റുകയായിരുന്നു. കൈയോടെതന്നെ എല്ലാം പൊക്കി.

തുടർന്നുള്ള തിരച്ചിലിലാണ് ‘മോഡേൺ കോട കലക്ക്’ കണ്ടത്. 150 ലിറ്ററോളം കോടയാണ് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. അബ്ദുൾ റസാഖിനെയും ചാരായം വാറ്റിക്കൊണ്ടിരുന്ന സഹായി തമിഴ്‌നാട് സ്വദേശി അനീസിനെയും (46) അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സോബിൻ തമ്പി ഓടിരക്ഷപ്പെട്ടു.

മോർച്ചറിക്കുപുറമേ കലത്തിലും വീപ്പയിലുമായി 20 ലിറ്റർ കോടയും പത്ത് ലിറ്റർ ചാരായവും കണ്ടെത്തി. ലോക്‌ഡൗൺ സമയമായതിനാൽ ഒരു ലിറ്റർ ചാരായം 2000 രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്.

spot_img

Related Articles

Latest news