റീജ്യണല്‍ സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും 6 മണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ജോലി നിര്‍ബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മിനിസ്റ്റീരിയല്‍ ജോലിയില്‍ നിന്ന് ഈ ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അമിക്കസ് ക്യൂറിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് ഒന്നേ മുക്കാല്‍ കോടി വാഹനങ്ങളുടെ നിയമ ലംഘനം പരിശോധിക്കാന്‍ നിരത്തിലുള്ള 368 മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള 7 നിര്‍ദ്ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുള്ളത്.
നിലവില്‍ 14 ആര്‍ടിഒ ഓഫീസുകളിലും സബ് റീജ്യണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസുകളിലും ഉള്ള മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് ആറ് മണിക്കൂര്‍ എന്‍ഫോഴ്‌സമെന്‍ര്‍റ് ജോലി നിര്‍ബന്ധമാക്കണമെന്നാണ് ഒരു നിര്‍ദ്ദേശം. ഇങ്ങനെ വരുമ്പോള്‍ റോഡിലെ നിയമലംഘനങ്ങളുടെ പരിശോധനയ്ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ ലഭിക്കും.
റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ഇത് അവസാനിപ്പിച്ച് മുഴുവന്‍ സമയ റോഡ് സേഫ്റ്റി കമ്മീഷണറെ നിയമിക്കണം. എന്‍ഫോഴ്‌സമെന്ര്‍റ് ഡ്യൂട്ടിയിലുള്ള റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളും സേഫ് കേരള സ്‌ക്വാഡും സുരക്ഷാ കമ്മീണറുടെ അധികാരത്തിന് കീഴിലാക്കണം. നിലവില്‍ 900 ഓളം വരുന്ന എംവിആ. എ.എംവിഐ മാര്‍ ആര്‍ടിഒ ഓഫീസുകളിലും സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും മിനിസ്റ്റീരിയല്‍ ജോലി ചെയ്യുന്നുണ്ട്. ഇത് പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശം റിപ്പോര്‍ട്ടിലുണ്ട്.