അമിത്ഷാക്കെതിരെ രൂക്ഷ വിമർശനവുമായി പീപ്പിള്‍സ് ഡമോക്രസി മുഖപ്രസംഗം

അമിത്ഷാക്കെതിരെ രൂക്ഷ വിമർശനവുമായി പീപ്പിള്‍സ് ഡമോക്രസി മുഖപ്രസംഗം. ആഭ്യന്തരമന്ത്രിയായശേഷം അമിത്ഷാ വ്യത്യസ്തനായ ‘ഏറ്റുമുട്ടല്‍ വിദഗ്ധനായി’ മാറിയെന്നാണ് മുഖപ്രസംഗം. ഏതു തെരഞ്ഞെടുപ്പിന് മുമ്പും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളോട് ഏറ്റുമുട്ടുകയാണ് അമിത്ഷാ. കേരള നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്ത് ഇഡി, സിബിഐ, കസ്റ്റംസ്, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ കക്ഷികളായി വന്നത് ഈ സാഹചര്യത്തിലാണെന്നും മുഖപ്രസംഗം.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറിനെ ഇഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. ഒട്ടേറെ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയനേതാക്കളെ കുടുക്കാന്‍ ഇഡിയെ ഉപയോഗിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കിഫ്ബിക്കും ഇതര പദ്ധതികള്‍ക്കുംനേരെ നീങ്ങുന്ന വിധത്തില്‍ കേന്ദ്രഏജന്‍സികളുടെ ഇടപെടലുണ്ടായിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെയും രാഷ്ട്രീയനേതൃത്വത്തെയും തെരഞ്ഞെടുപ്പ് കാലത്ത് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം.

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബിജെപി റാലിയില്‍ പങ്കെടുത്ത് കിഫ്ബിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. തൊട്ടടുത്ത ദിവസം ഫെമ നിയമപ്രകാരം ഇഡി കേസെടുത്തു. സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്നപേരില്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ക്ക് തെളിവില്ല. മുഖ്യമന്ത്രിക്കെതിരെ പറയാന്‍ ഇഡി ഉദ്യോഗസ്ഥന്റെ സമ്മര്‍ദമുണ്ടായെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയും പുറത്തുവന്നിട്ടുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രഏജന്‍സികള്‍ക്കൊപ്പം ചേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമല്ല, രാഹുല്‍ഗാന്ധിയും ആരോപണങ്ങള്‍ ഏറ്റുപിടിച്ചു. രാഹുല്‍ ഗാന്ധിയും കൂട്ടരും ഇഡിയുടെ തിരക്കഥ അനുസരിച്ച്‌ നീങ്ങുന്നുവെന്നു മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുനേരെ ഇ ഡി സ്വീകരിക്കുന്ന നടപടികള്‍ക്ക് സാധുതയും നല്‍കുകയാണ് – മുഖപ്രസംഗം ആരോപിക്കുന്നു.

spot_img

Related Articles

Latest news