നോളജ് സിറ്റി: പ്രവാചകന്റെ ജീവിതത്തെ ആസ്പദമാക്കി ഡോ. അബ്ദുൽ ഹകീം അസ്ഹരി മലയാളത്തിൽ എഴുതിയ ആദ്യ ശമാഇൽ ഗ്രന്ഥമായ ‘അനുധാവനത്തിന്റെ ആനന്ദം’ പത്താം പതിപ്പ് പുറത്തിറങ്ങി. മർകസ് നോളജ് സിറ്റിയിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് താഹ സഖാഫ്, ഡോ. കാസിം എന്നിവർ ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു. തിരു നബിയുടെ ജീവിതം, ആകാര സൗകുമാര്യത, ജീവിത ശൈലി തുടങ്ങിയ കാര്യങ്ങളാണ് പുസ്തകത്തിൽ വർണിക്കുന്നത്. പത്ത് മാസം കൊണ്ട് പത്ത് പതിപ്പുകൾ പുറത്തിറക്കി പുസ്തകം ശ്രദ്ധേയമായി. മലയാളത്തിന് പുറമെ കന്നഡ ഭാഷയിലുള്ള വിവർത്തനം കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. കൂടാതെ അറബി, ഇംഗ്ലീഷ്, ഉറുദു, തമിഴ്, ബംഗ്ല, ടർക്കിഷ്, സ്പാനിഷ് ഭാഷകളിലേക്കുള്ള വിവർത്തനങ്ങളും നിലവിൽ പണിപ്പുരയിലാണ്. പുസ്തകത്തെ മുൻനിർത്തി ഒക്ടോബറിൽ നടക്കുന്ന റബീഉൽ അവ്വൽ ക്യാമ്പയിനിനോട് അനുബന്ധിച്ച് വിവിധ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. മർകസ് നോളജ് സിറ്റിയിലെ മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.