ദില്ലി: ഗോവയിലേക്ക് വരികയായിരുന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തിന് വീണ്ടും ബോംബ് ഭീഷണി. അസൂര്‍ എയറിന്റെ വിമാനത്തിനാണ് സുരക്ഷാ ഭീഷണി.
പതിനൊന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇതേ എയര്‍ലൈന്‍ വിമാനത്തിന് ബോംബ് ഭീഷണി ലഭിക്കുന്നത്. രണ്ട് കൈക്കുഞ്ഞുങ്ങള്‍ അടക്കം 238 യാത്രികരുമായി റഷ്യയുടെ പേം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനം പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പറക്കുമ്ബോഴാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് വിമാനം പാകിസ്ഥാനില്‍ ഇറക്കാതെ ഉസ്‌ബെക്കിസ്ഥാനില്‍ ഇറക്കുകയായിരുന്നു. അഫ്‌ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളത്തിലാണ് വിമാനം ഇപ്പോള്‍ ഉള്ളത്. യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുകയാണ്. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് വ്യോമയാന മന്ത്രാലയം അറിയിക്കുന്നു.
റഷ്യയില്‍ നിന്ന് വിനോദ സഞ്ചാരികള്‍ ഗോവ സന്ദര്‍ശിക്കുന്ന സമയമായതിനാല്‍ തുടര്‍ച്ചയായി ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. 236 യാത്രികരും 8 ജീവനക്കാരുമായി വരികയായിരുന്ന ഇതേ എയര്‍ലൈന്‍സിന്റെ മറ്റൊരു വിമാനത്തിന് ദിവസങ്ങള്‍ക്ക് മുന്നേ ഭീഷണി ലഭിച്ചിരുന്നു. അന്ന് വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലായിരുന്നു. തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയാണ് പരിശോധന നടത്തി യാത്ര തുടര്‍ന്നത്.