കണ്ണൂര്‍: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ
നൈജീരിയൻ പൗരയായ കെയിൻ സിംപോ ജൂലിയ എന്ന വിദേശ വനിതയെ അക്രമിച്ചതിനാണ് കേസ്.ഈ മാസം 24ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്നാണ് വിദേശ വനിതയെ അക്രമിച്ചത്.
സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടിവെള്ളമെടുക്കാനായി പോയ വിദേശ വനിതയെ ഇവര്‍ ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്.
വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്.
ഷെറിന് ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശയും നിയമ വകുപ്പിന്‍റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. അതേസമയം ജയിലില്‍ ഇവര്‍ക്ക് വഴിവിട്ട് പരിഗണനകള്‍ ലഭിച്ചിരുന്നതായി സഹതടവുകാർ വെളിപ്പെടുത്തിയിരുന്നു.